ദമ്മാം: സംരംഭകർക്കും നിക്ഷേപകർക്കും പ്രതീക്ഷയും കരുത്തും പിന്തുണയും നൽകുന്ന രാജ്യമാണ് സൗദി അറേബ്യയെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യുസുഫലി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ-റയാനിൽ ലുലു ഹൈപർമാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൽമാൻ രാജാവിവിന്‍റേയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റേയും നേതൃത്വത്തിൽ രാജ്യം മുന്നോട്ടുവെച്ച 'വിഷൻ 2030' കേവലം സ്വപ്നങ്ങളല്ല. കരുത്തുറ്റ യാഥാർഥ്യമാണ്. അതിന്‍റെ പ്രതിഫലനം നാം രാജ്യമുടനീളം കണ്ടുകൊണ്ടിരിക്കുകയാണ്. ശക്തമായ സാമ്പത്തിക അടിത്തറയിൽ വിശാലമായ കാഴ്ചപ്പാടുകളോടെ പുരോഗതികളിലേക്ക് ചുവടുറപ്പിക്കുകയാണ് ഈ രാജ്യം. അതുകൊണ്ട് തന്നെയാണ് കൂടുതൽ പേർ ഇവിടേക്ക് നിക്ഷേപം നടത്താനായി എത്തുന്നത്. ഇവിടെയെത്തുന്നവർക്ക് നിയമപരമായ പരിരക്ഷയും പിന്തുണയും ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്നുണ്ട്.
രണ്ട് ശതകോടി ഡോളറിന്‍റെ പുതിയ നിക്ഷേപ പദ്ധതികളാണ് ലുലു ലക്ഷ്യം വെക്കുന്നത്. സൗദിയിൽ 2026ഓടെ 10,000 സ്വദേശികൾക്ക് ജോലി നൽകുന്നതിനുള്ള പദ്ധതികളാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ദമ്മാം ഗവർണർ സഊദ് ബിൻ നായിഫ് രാജകുമാരനെ സന്ദർശിച്ച തന്നോട് സൗദിയിൽ നിക്ഷേപമിറക്കുകയും സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയും ചെയ്യുന്ന ലുലു ഗ്രൂപ്പ്ന്റെ ശ്രമങ്ങളെ അഭിനന്ദിച്ചതായി അദ്ദേഹം പറഞ്ഞു. സൗദിയുടെ സ്വപ്ന പദ്ധതിയായ 'നിയോമി'ൽ സൂപർ, ഹൈപർമാർക്കറ്റുകൾ തുറക്കുന്നതിനുള്ള അനുമതി ലഭിച്ചത് ലുലു ഗ്രൂപ്പ്പിനാണ്. വലിയ അംഗീകാരമായാണ് തങ്ങൾ ഇതിനെ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ദിവസം ആദ്യ ഷോപ്പ് നിയോമിൽ ഉദ്ഘാടനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹൈപർമാർക്കറ്റ് സഹിതം മൂന്ന് ഔട്ലെറ്റുകൾ കൂടി ഉടനെ തുറക്കും. വിദേശ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും കൂടുതൽ നിക്ഷേപങ്ങൾ ഇറക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. അതിൽ ആദ്യ പരിഗണന സ്വന്തം സംസ്ഥാനമായ കേരളത്തിന് തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷം തമിഴ്നാട്, ബംഗളുരു, ലക്നൗ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ തുറക്കും. കോവിഡ് കാലത്ത് പെട്ടെന്ന് ശ്രദ്ധേയമായി മാറിയ രീതിയാണ് ഓൺലൈൻ കച്ചവടം.
ലുലു ഇതിനെ ശ്രദ്ധയോടെ മനസ്സിലാക്കുകയും അതിനെ ഗുണകരമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ഷോറും ജിദ്ദയിൽ ഉടൻ തുറക്കും. ഗൾഫ് മേഖല പ്രവസികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.