ജിദ്ദ: യുക്രെയിനിലെ സംഘർഷം പരിഹരിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ സൗദി അറേബ്യ തയാറാണെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. മോസ്കോയും കീവും തമ്മിലുള്ള സംഭാഷണം സുഗമമാക്കാൻ സൗദി അറേബ്യ സന്നദ്ധമാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തങ്ങളാൽ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പര്യടനത്തിനിടെ മോസ്കോയിൽ വിദേശകാര്യമന്ത്രി സെർജി ലാവ്റോയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്.
റഷ്യയുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനും വികസിപ്പിക്കാനും സൗദി അറേബ്യ ശ്രമം തുടരുകയാണ്. ഇന്നത്തെ ചർച്ചകൾ കാഴ്ചപ്പാടുകൾ ഏകീകരിക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെ ബാധിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ലാവ്‌റോവുമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര പ്രതിസന്ധികളെക്കുറിച്ചുള്ള ഇരുകൂട്ടരുടെയും വീക്ഷണങ്ങൾ പരസ്പരം കൈമാറി. അന്താരാഷ്‌ട്ര വെല്ലുവിളികളെ നേരിടുന്നതിന് ഒരുമിച്ച് നീങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനെ സൗദി മന്ത്രി പ്രശംസിച്ചു. അടുത്തിടെ യുക്രെയിൻ സന്ദർശിച്ചതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ മോസ്കോ സന്ദർശനം.
റഷ്യൻ വിദേശകാര്യ മന്ത്രി സൗദി അറേബ്യയുടെ നിലപാടിനെ സ്വാഗതം ചെയ്തു. പ്രതിസന്ധിക്ക് ഉചിതമായ പരിഹാരം കണ്ടെത്താൻ സൗദി ശ്രമം നടത്തുന്നുണ്ടെന്നും തടവുകാരെ കൈമാറുന്ന കാര്യത്തിൽ ഒതുങ്ങുന്നതല്ല റിയാദിെൻറ പങ്കെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമല്ല, അന്താരാഷ്‌ട്ര തലത്തിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ സജീവമായി പങ്കെടുക്കാനുള്ള സൗദി അറേബ്യയുടെ താൽപ്പര്യത്തെ റഷ്യൻ വിദേശകാര്യ പ്രശംസിച്ചു. മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും തലത്തിലും റിയാദും മോസ്കോയും തമ്മിലുള്ള വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ശാശ്വതവും പരസ്പരവും’ ആയ ഏകോപനത്തിെൻറ പ്രാധാന്യം താൻ കാണുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.