റിയാദ്: സൗദി അറേബ്യ ചൈനയുടെ ഏറ്റവുമടുത്ത സുഹൃദ് രാജ്യമാണെന്നും ആറ് വർഷത്തിനുശേഷം വീണ്ടും സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തുഷ്ടനാണെന്നും പ്രസിഡന്റ് ഷി ജിൻപിങ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം ത്രിദിന സന്ദർശനത്തിന് ബുധനാഴ്ച റിയാദിലെത്തിയ അദ്ദേഹം കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളത്തിലെ വരവേൽപിനിടെയാണ് പ്രതികരിച്ചത്. ചൈനീസ് സർക്കാരിനും ജനങ്ങൾക്കും വേണ്ടി സൗദി ഭരണകൂടത്തിനും ഇവിടത്തെ ജനങ്ങൾക്കും ആത്മാർഥമായ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയും സൗദിയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ 32 വർഷമായി ഞങ്ങൾ തമ്മിൽ സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും സഹോദര്യത്തിന്റേതുമായ അടുത്ത ബന്ധമാണുള്ളത്. പരസ്പര ധാരണകളും പിന്തുണയും ഇപ്പോഴും തുടരുന്നു. നയതന്ത്ര വിഷയങ്ങളിൽ പരസ്പര വിശ്വാസത്തിൽ മുന്നേറുന്നു. പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിൽ ആശയവിനിമയവും ഏകോപനവും നിലനിർത്തുകയും ചെയ്യുന്നു. ഈ പ്രായോഗിക സഹകരണം എല്ലാ മേഖലകളിലും ഗുണഫലങ്ങളുണ്ടാക്കി -ഷി ജിൻപിങ് കൂട്ടിച്ചേർത്തു.
2016-ന് ശേഷം സൗദി ഭരണാധികാരിയും താനും മുൻകൈയെടുത്ത് ഉഭയകക്ഷി ബന്ധം സുദൃഡമാക്കുകയും അത് ഇരു രാജ്യങ്ങൾക്കും അവിടത്തെ ജനങ്ങൾക്കും ഉപകാരപ്പെടുന്ന വികസനത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ടെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. ഈ ബന്ധം മേഖലയുടെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്. തന്റെ ഈ സന്ദർശന വേളയിൽ ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പൊതുവായ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുമെന്നും ഇരു രാജ്യങ്ങളുടെയും വികസനം ആസൂത്രണം ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഷി ജിൻപിങ് വ്യക്തമാക്കി. താൻ പങ്കെടുക്കുന്ന അറബ് ഉച്ചകോടിയിലും ജി.സി.സി ഉച്ചകോടിയിലും ചൈനീസ് അറബ് ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടക്കുമെന്നും ചൈനീസ് പ്രസിഡന്റ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.