ജിദ്ദ: സൗദിയിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഒാഫിസുകൾക്ക് ഗാർഹിക തൊഴിൽ കരാർ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. റിക്രൂട്ട്മെൻറ് ഒാഫിസിനും തൊഴിലുടമക്കുമിടയിലെ ചെലവുകൾക്കൊപ്പമാണ് ഇൻഷുറൻസ് ഉൾപ്പെടുത്താൻ പോകുന്നത്.
ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഗാർഹിക തൊഴിൽ കരാർ ഇൻഷുറൻസിന് അംഗീകാരം നൽകിയത്. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ ഉറപ്പുനൽക്കുന്നതുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സൗദി മന്ത്രിസഭ അംഗീകാരം നൽകിയ ഗാർഹിക തൊഴിലാളി കരാർ ഇൻഷുറൻസെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പറഞ്ഞു.
അംഗീകാരം ലഭിച്ച ഇൻഷുറൻസിെൻറ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. മരണം, ജോലി ചെയ്യാനുള്ള കഴിവില്ലായ്മ അല്ലെങ്കിൽ വിട്ടുമാറാത്തതും ഗുരുതരവുമായ രോഗം എന്നിവ ഗാർഹിക തൊഴിലാളിക്ക് ഉണ്ടായാൽ പകരക്കാരനായ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവുകൾ തൊഴിലുടമക്ക് നഷ്ടപരിഹാരമായി ലഭിക്കും. കൂടാതെ തൊഴിലാളി മരണപ്പെടുകയാണെങ്കിൽ മൃതദേഹവും വസ്തുവകകളും നാട്ടിലേക്ക് അയക്കുന്നതിനുള്ള ചെലവുകൾ, ജോലിയിൽ വിട്ടുനിൽക്കുകയാണെങ്കിൽ നഷ്ടപരിഹാരം എന്നിവയും തൊഴിലുടമക്ക് ലഭിക്കുന്നതാണ്. തൊഴിലാളിക്ക് അപകടത്തെ തുടർന്ന് പൂർണമായോ ഭാഗികമായോ വൈകല്യമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിനും ഗാർഹിക തൊഴിൽ കരാർ ഇൻഷുറൻസിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗദി തൊഴിൽ വിപണിയിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുക, വിവിധ രാജ്യങ്ങളുമായി റിക്രൂട്ട്മെൻറ് ചർച്ചകൾ എളുപ്പമാക്കുക, കരാർ ബന്ധം മെച്ചപ്പെടുത്തുക, ഗാർഹിക തൊഴിൽവിപണിയിലെ അപകട സാധ്യതകൾ കുറക്കുക തുടങ്ങിയ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ പുതിയ ഗാർഹിക തൊഴിൽ ഇൻഷുറൻസ് വഴിയൊരുക്കും. രണ്ട് വർഷമായിരിക്കും കാലാവധി. ശേഷം തൊഴിലാളിയുടെ ഇഖാമ പുതുക്കുന്ന സമയത്ത് ഇൻഷുറൻസ് പുതുക്കാനുള്ള ഒാപ്ഷൻ തൊഴിലുടമക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗാർഹിക തൊഴിൽ കരാർ ഇൻഷുറൻസിന് അംഗീകാരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മാനവ വിഭവശേഷി മന്ത്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.