ജിദ്ദ: ലോകത്തിന് സൗദി അറേബ്യയുടെ ജീവകാരുണ്യ സഹായം തുടരുന്നു.ജീവകാരുണ്യ പ്രവർത്തനത്തിനായി സൗദി അറേബ്യ രൂപം കൊടുത്ത കിങ് സൽമാൻ റിലീഫ് സെൻററിന് (കെ.എസ് റിലീഫ് സെൻറർ) കീഴിൽ 69 രാജ്യങ്ങളിൽ അഞ്ച് ശതകോടി ഡോളറിലധികം വിവിധ ദുരിതാശ്വാസ പദ്ധതികൾക്ക് ചെലവഴിച്ചെന്ന് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
അന്താരാഷ്ട്ര വികസനത്തിന് വേണ്ടിയുള്ള അമേരിക്കൻ ഏജൻസിയായ യു.എസ് ഏജൻസി ഫോർ ഇൻറർനാഷനൽ െഡവലപ്മെൻറിെൻറ അഡ്മിനിസ്ട്രേറ്റർ സാമന്ത പവറുമായി വിഡിയോ കാൾ വഴി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ഡോ. അബ്ദുല്ല അൽറബീഅ ലോകത്തിന് സൗദി നൽകിക്കൊണ്ടിരിക്കുന്ന സഹായത്തെക്കുറിച്ച് വ്യക്തമാക്കിയത്. കെ.എസ്. റിലീഫ് സെൻറർ ലോകത്തെ വിവിധ രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതികൾ അദ്ദേഹം വിവരിച്ചുകൊടുത്തു.
ഇതുവരെ 1,689 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അതിലേറ്റവും വലിയ പങ്ക് ലഭിച്ചത് ആഭ്യന്തര സംഘർഷം രൂക്ഷമായിരുന്ന യമനിലാണ്. ഇതുകൂടാതെ കോവിഡ് വ്യാപനം തടയാൻ പല രാജ്യങ്ങൾക്കും സഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സന്നദ്ധപ്രവർത്തനം, അനുഭവ പരിജ്ഞാനങ്ങളുടെ കൈമാറ്റം, ജീവകാരുണ്യ പ്രവർത്തനം എന്നീ രംഗങ്ങളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനുള്ള വഴികൾ ഇരുവരും ചർച്ചചെയ്തു.
ദുരിതബാധിതർക്ക് ആശ്വാസം എത്തിക്കാനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ദുരിതങ്ങൾ ലഘൂകരിക്കാനും ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ഇരുവരും ചർച്ച ചെയ്തു. അതിൽ തന്നെ യമനിലെ സാഹചര്യം പ്രത്യേകം വിലയിരുത്തുകയും കൂടുതൽ സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് കൂടിയാലോചിക്കുകയും ചെയ്തു. കിങ് സൽമാൻ റിലീഫ് കേന്ദ്രവും ഇൻറർനാഷനൽ െഡവലപ്മെൻറ് ഏജൻസിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ സാമന്ത പവർ പ്രശംസിച്ചു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കെ.എസ് റിലീഫ് കേന്ദ്രം വഴി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറത്തു ശ്ലാഘിച്ചു. ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്കാണ് സെൻറർ സഹായം എത്തിക്കുന്നതെന്നും അർഹതപ്പെട്ട പ്രദേശങ്ങളെയാണ് ഇൗ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതെന്നും സാമന്ത പവർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.