സാംസ്കാരിക വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി സൗദി

യാംബു: രണ്ടു വർഷത്തെ ഇടവേളക്കുശേഷം റമദാൻ കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായ സൗദി സംസ്കാരത്തിന്‍റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി. രാജ്യത്തിന്‍റെ ബഹുമുഖ പൈതൃക കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാൻ വിദേശ സഞ്ചാരികൾ ധാരാളമായി എത്തുമെന്ന കണക്കുകൂട്ടലിൽ സൗദി ടൂറിസം വകുപ്പ് വിപുലമായ ഒരുക്കമാണ് നടത്തുന്നത്. 2019 സെപ്റ്റംബറിൽ രാജ്യത്തിന്‍റെ സാംസ്‌കാരിക ടൂറിസം മേഖലയെ ഉണർത്തുന്നതിനായി 50ലധികം രാജ്യങ്ങളിലെ പൗരന്മാർക്കായി ടൂറിസ്റ്റ് വിസ നൽകുന്ന നടപടി സൗദി ആരംഭിച്ചിരുന്നു. എന്നാൽ, 2020ന്‍റെ തുടക്കത്തിൽ കോവിഡ് മൂലം എല്ലാ അന്താരാഷ്ട്ര യാത്രകളും വിലക്കപ്പെട്ടു. അതിനുശേഷം മഹാമാരിയുടെ പ്രതിസന്ധിയും നിയന്ത്രണങ്ങളും പതിയെ നീങ്ങിയത് ഈ റമദാനിലായിരുന്നു. ടൂറിസ്റ്റ് വിസ ഉപയോഗിച്ച് സഞ്ചാരികളെ സ്വീകരിക്കാനുള്ള അവസരമായി റമദാൻ മാറുകയായിരുന്നു. പുണ്യമാസത്തിൽ ബിസിനസ് മേഖല മാന്ദ്യത്തിന്‍റെ പിടിയിലാണെങ്കിലും ടൂറിസം മേഖല പുരോഗതിയുടെ പാതയിൽ തന്നെയാണ്.

വിദേശ വിനോദ സഞ്ചാരികൾക്ക് സൗദിയുടെ റമദാൻ പാരമ്പര്യങ്ങളും അറബ് സംസ്‌കാരങ്ങളും നേരിട്ട് അനുഭവിക്കാൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. റമദാനിലെ സമൂഹ നോമ്പുതുറയും അത്താഴരീതികളും മനസ്സിലാക്കാനും ടൂറിസ്റ്റുകൾക്ക് കഴിയുന്നു. വിദേശ ടൂറിസ്റ്റുകൾക്ക് സൗദിയുടെ ചരിത്രപരവും പ്രകൃതിദത്തവുമായ കാഴ്ചകൾ ഏറെ അനുഭൂതി പകർന്നുനൽകുന്നതായി സ്പാനിഷ് വിനോദ സഞ്ചാരികളുടെ ടൂറിസ്റ്റ് ഗൈഡായ അബ്‌ദുല്ല അസീരി പറഞ്ഞു. മനുഷ്യവാസത്തിന്‍റെ രണ്ടായിരം വർഷങ്ങളുടെ ചരിത്രം പേറുന്ന ലോകത്തിലെ ഏറ്റവും വലിയ തുറന്ന മ്യൂസിയങ്ങളിൽ ഒന്നായി അറിയപ്പെടുന്ന അൽഉലയാണ് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരിടം.

300 വർഷത്തോളം പഴക്കമുള്ള റിയാദിനടുത്തുള്ള പുരാതന നഗരമായ ദറഇയ, അസീറിലെ റിജാൽ അൽമ, യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച മദാഇൻ സ്വാലിഹ്, ജിദ്ദയിലെ അൽബലദ് പൈതൃക നഗരി, സൗദിയുടെ സ്വപ്നനഗര പദ്ധതിയായ നിയോം സിറ്റി, ജീസാനിലെ മത്സ്യബന്ധന കേന്ദ്രങ്ങൾ, അബഹയിലെ വൈവിധ്യമാർന്ന മലനിരകൾ തുടങ്ങിയവയെല്ലാം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. സാംസ്കാരിക വിനോദസഞ്ചാരം പുരോഗതിയിലാണ്. സൗദിയുടെ പരമ്പരാഗത സംസ്‌കാരവും അറബ് ജീവിതരീതികളും വിദേശ സഞ്ചാരികൾക്ക് പകുത്തുനൽകാൻ ഉതകുന്ന സംവിധാനം ടൂറിസം മേഖലയിൽ സ്വാധീനം ചെലുത്തുന്നതായി വിലയിരുത്തുന്നു. സൗദിയുടെ പരമ്പരാഗത ഭക്ഷണം കഴിക്കാനും പ്രാദേശിക നാടോടികലകളും സംസ്കാരവും നേരിട്ട് അനുഭവിക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നു.

വിദേശ ടൂറിസ്റ്റുകൾക്ക് വേണ്ട വിവരം നൽകാൻ ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളെ ഒരുക്കിക്കഴിഞ്ഞു. വിദേശ ടൂറിസ്റ്റുകൾക്ക് വിസാനടപടി ചട്ടം ലളിതമാക്കിയതും ടൂറിസ്റ്റുകൾക്ക് സൗദിയിലെത്താൻ വഴിയൊരുക്കുന്നു. സർക്കാർ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ മേഖലകളിലും ടൂറിസം വികസന കൗൺസിലിന്‍റെ ചാപ്റ്ററുകൾ ആരംഭിക്കാൻ ഈ മാസം ആദ്യം സൗദി മന്ത്രിസഭ അംഗീകാരം നൽകി. ദേശീയ ടൂറിസം നയങ്ങൾ പ്രാവർത്തികമാക്കുക, ടൂറിസം മേഖലയിൽ സഞ്ചാരികൾക്കായി വിവിധ ആസൂത്രണ പദ്ധതികൾ കാര്യക്ഷമമാക്കുക, ടൂറിസം മേഖലയിൽ നിക്ഷേപം ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ടൂറിസം കൗൺസിൽ സജീവമായി പ്രവർത്തിക്കുന്നതും രാജ്യം ടൂറിസം മേഖലയിൽ വൻ കുതിപ്പിന് ആക്കംകൂട്ടുന്ന ഘടകങ്ങളാണ്.

Tags:    
News Summary - Saudi Arabia ready to welcome cultural tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.