ജിദ്ദ: എക്സിറ്റ് റീ എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്തുപോയി കാലാവധി കഴിയും മുമ്പ് മടങ്ങാത്ത വിദേശികൾക്ക് മൂന്ന് വർഷത്തേക്ക് പ്രവശേനവിലക്കുണ്ടെന്ന് പാസ്പോർട്ട് ഡയറക്ട്രേറ്റ് (ജവാസത്ത്) വ്യക്തമാക്കി. എന്നാൽ പഴയസ്പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാൻ സാധിക്കും. വിസ കാലാവധി തീരുന്ന തീയതി മുതലാണ് കാലയളവ് കണക്കാക്കുക. ഹിജ്റ തീയതിയാണ് ഇതിന് അവലംബിക്കുക. അതേസമയം, ആശ്രിത വിസയിലുള്ളവർക്ക് ഇത് ബാധകമാവില്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനഃപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വിദേശികളുടെ ആശ്രിതരായവർ റീഎൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോകുകയും തിരിച്ചുവരാതിരിക്കുകയും ചെയ്താൽ, (കുടുംബനാഥനായ) സ്പോൺസറുടെ 'അബ്ഷിർ' പ്ലാറ്റ്ഫോമിൽ അവരുണ്ടെങ്കിൽ അതിലെ 'ഇ-സർവിസ് പ്ലാറ്റ്ഫോം' വഴി 'തവാസുൽ' സേവനത്തിലൂടെ വിസയുടെ കാലാവധി അവസാനിച്ച ഉടനെ ആശ്രിതരുടെ പട്ടികയിൽ നിന്ന് അവരെ ഒഴിവാക്കാൻ സാധിക്കും.
എക്സിറ്റ് റീ എൻട്രി വിസ നൽകുന്ന ഏതൊരു വിദേശിയും രാജ്യത്തുനിന്ന് പുറത്തുപോയി നിശ്ചിത സമയത്ത് മടങ്ങിയിട്ടില്ലെങ്കിൽ, വിസാകാലാവധി കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം 'എക്സിറ്റ് റീഎൻട്രി വിസക്ക് പോയി, മടങ്ങിവന്നില്ല' എന്ന് പാസ്പോർട്ട് വകുപ്പിന്റെ ഔദ്യേഗിക രേഖകളിൽ സ്വയമേവ രേഖപ്പെടുത്തും. ഇതിനായി മുമ്പത്തെ പോലെ പാസ്പോർട്ട് ഓഫീസിലെത്തി നടപടികൾ പൂർത്തിയാക്കേണ്ടതില്ലെന്നും പാസ്പോർട്ട് ഡയറക്ട്രേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.