ജിദ്ദ: സൗദി അറേബ്യയിൽ സംഗീതപഠനം അക്കാദമിക്കലായി ആരംഭിച്ചു. മ്യൂസിക് ഡിപ്ലോമ കോഴ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. റിയാദിലെ ഹൗസ് ഓഫ് മ്യൂസിക് ഹയർ ഇൻസ്റ്റിറ്റ്യൂട്ടാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോഴ്സ് ആരംഭിച്ചത്. രാജ്യത്ത് ആദ്യമായാണിത്. ഭാവി അഭിലാഷങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസത്തിന്റെയും സംഗീത പരിപോഷണത്തിന്റെയും ട്രാക്കുകളിലൂടെ വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ കുതിപ്പ് ലക്ഷ്യമിട്ടാണിത്.
രണ്ടു വർഷം നീളുന്ന ഡിപ്ലോമ കോഴ്സിലേക്ക് ഈ മാസം വിദ്യാർഥി പ്രവേശനം ആരംഭിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ എക്സിക്യൂട്ടിവ് ഡയറക്ടർ മുഅ്തസ് അൽഷബാന അറിയിച്ചു.
രാജ്യത്തെ സംഗീത വിദ്യാഭ്യാസത്തിന് ഇത് വലിയ കുതിപ്പ് നൽകും. സൗദി അറേബ്യയിൽ സംഗീതം വികസിപ്പിക്കുന്നതിനും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അതിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഉജ്ജ്വല തുടക്കമാണ്.
സംഗീത സംസ്കാരം ആഗോള ഭാഷയായി പ്രചരിപ്പിക്കുന്നതിനും മറ്റ് സംസ്കാരങ്ങളുമായി ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കുന്നതിനുള്ള ചാനലായും ഈ പഠനസമ്പ്രദായം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഈ പാഠ്യപദ്ധതിയിൽ രണ്ടു ട്രാക്കുകളുണ്ട്.
സംഗീത വിദ്യാഭ്യാസവും അവതരണവുമാണ് അവ. മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടുന്ന അംഗീകൃത അക്കാദമിക് പാഠ്യപദ്ധതി പ്രകാരമായിരിക്കും കോഴ്സ്.
ഡിപ്ലോമ നേടുന്നയാൾക്ക് സ്കൂളുകളിൽ സംഗീതാധ്യാപകനോ പ്രഫഷനൽ സംഗീതോപകരണ വാദകനോ ആകാനുള്ള യോഗ്യതയാവും. ഈ രംഗത്ത് പുതുതായി അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സൗദി വിദ്യാഭ്യാസത്തിലെ സമകാലികവും ആധുനികവുമായ സമീപനമെന്ന നിലയിൽ സംഗീതം പഠിപ്പിക്കാൻ ഏകദേശം ഒന്നോ രണ്ടോ അധ്യാപകരെ ആവശ്യമുള്ള 26,000ത്തിലധികം പൊതുവിദ്യാലയങ്ങൾ ഉണ്ടെന്നും അൽഷബാന പറഞ്ഞു. സാംസ്കാരിക മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി നഹ ഖത്താനും നിരവധി സംഗീതജ്ഞരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.