ജിദ്ദ: ഗസ്സയിലെ അൽഅഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ബോംബെറിഞ്ഞ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ അധിനിവേശ സേനയുടെ ഹീനമായ കുറ്റകൃത്യത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി നിരപരാധികളായ സിവിലിയന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി തള്ളിക്കളയുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിത്.
ഈ അപകടകരമായ സാഹചര്യത്തിൽ ഇസ്രായേലി ക്രിമിനൽ നടപടികളുടെ കാര്യത്തിൽ അന്താരാഷ്ട്ര മാനുഷിക നിയമം പ്രയോഗിക്കുന്നതിലെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് ഉപേക്ഷിക്കേണ്ടതുണ്ട്. പ്രതിരോധമില്ലാത്ത സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് ഗൗരവമേറിയതും ഉറച്ചതുമായ നിലപാട് ആവശ്യമാണ്.
ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ രാജ്യങ്ങളും സംഘടനകളും ആരംഭിച്ച ദുരിതാശ്വാസ ആഹ്വാനങ്ങൾക്ക് മറുപടിയായി സുരക്ഷിത ഇടനാഴികൾ ഉടൻ തുറക്കേണ്ടതിന്റെ ആവശ്യകതയും സൗദി ഊന്നിപ്പറഞ്ഞു. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും തുടർച്ചയായതും ആവർത്തിച്ചുള്ളതുമായ ലംഘനത്തിന് ഇസ്രായേൽ അധിനിവേശ സേനയുടെ പൂർണ്ണ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.