റിയാദ്: ലബനാൻ പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതിക്ക് ഞായറാഴ്ച മുതൽ സൗദിയിൽ വിലക്ക് ഏർപ്പെടുത്തി. ആസൂത്രിതമായ കള്ളക്കടത്ത് പ്രവർത്തനങ്ങൾ സൗദിയിൽ തടയുന്നതിെൻറ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇറക്കുമതി സാധനങ്ങൾക്ക് ലബനാൻ അധികൃതർ മതിയായതും വിശ്വസനീയവുമായ നടപടികൾ സ്വീകരിക്കുന്നതുവരെ ആ രാജ്യത്തെ പച്ചക്കറികളും പഴങ്ങളും സൗദിയിൽ പ്രവേശിപ്പിക്കാനോ അതിർത്തി പ്രദേശത്തുകൂടി കടത്താനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാത്തരം മയക്കുമരുന്ന് കടത്തിനെയും കള്ളക്കടത്തുകളെയും നേരിടുന്നതിനായി രാജ്യത്തിെൻറ ചട്ടങ്ങൾക്കും അന്താരാഷ്ട്ര വ്യവസ്ഥകൾക്കും വിധേയമായാണ് തീരുമാനം എടുത്തതെന്നും മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ചില രാജ്യങ്ങളിൽനിന്ന് മയക്കുമരുന്നും കള്ളക്കടത്ത് സാധനങ്ങളും കടത്തുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടികൾ കടുത്തതാക്കിയതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ലബനാൻ പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുക എന്ന വ്യാജേന മയക്കുമരുന്ന് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിക്കുന്നതും വളരെ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. സൗദിയിലെ താമസക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം നടപടികൾ രാജ്യം സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഓരോ രാജ്യത്തിെൻറയും ഭരണകൂടം അന്താരാഷ്ട്ര ഇറക്കുമതി, കയറ്റുമതി നിയമങ്ങൾ പൂർണമായും പാലിക്കാൻ ബാധ്യസ്ഥരാണെന്നും പൗരന്മാരുടെ ആരോഗ്യസുരക്ഷ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ഏറെ ജാഗ്രത കാണിക്കണമെന്നും മന്ത്രാലയം നിർദേശിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലബനാനിൽനിന്ന് വരുന്ന എല്ലാ ചരക്കുകളും ഇറക്കുമതി ചെയ്യുന്നതിനുമുമ്പ് ശക്തമായി നിരീക്ഷിക്കും. നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സൗദി ഒരുക്കമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.