ജിദ്ദ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തുനിന്നുള്ള ആദ്യ വനിത-പുരുഷൻ ബഹിരാകാശ യാത്രികർ ബഹിരാകാശത്ത് എത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദി പൗരന്മാരായ റയാന ബർണാവിയും അലി അൽഖർനിയുമാണ് ‘എ.എക്സ് രണ്ട്’ ബഹിരാകാശ ദൗത്യത്തിെൻറ സംഘത്തോടൊപ്പം ചേരുക. ഈ രംഗത്തെ ദേശീയ ശേഷി വളർത്തുക, ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിെൻറ വ്യവസായവും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക, ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മാനവികതയെ സേവിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിന് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ഈ ദൗത്യത്തിന് പിന്നിൽ. അമേരിക്കയിൽ നിന്നാണ് യാത്ര. മറിയം ഫിർദൗസ്-അലി അൽഗാംദി എന്ന മറ്റൊരു ബഹിരാകാശയാത്രാ ജോഡികളെ കൂടി പരിശീലിപ്പിക്കും.
ഭരണകൂടത്തിെൻറ പിന്തുണയോടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് കൂടുതൽ ദൗത്യങ്ങളുമായി മുന്നേറാനാണ് രാജ്യത്തിെൻറ ശ്രമമെന്ന് സൗദി സ്‌പേസ് കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. അബ്ദുല്ല ബിൻ അമർ അൽസവാഹ പറഞ്ഞു. വ്യവസായത്തിെൻറയും രാജ്യത്തിെൻറയും ഭാവിയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്ന സ്വന്തം ഗവേഷണം സ്വതന്ത്രമായി നടത്താനുള്ള രാജ്യത്തിെൻറ ശേഷി ഉയർത്തുക, ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ബിരുദധാരികളുടെ താൽപ്പര്യം വർധിപ്പിക്കുക, മനുഷ്യ മൂലധനം വികസിപ്പിക്കുക എന്നിവയുടെയും ഭാഗമാണിത്. ബഹിരാകാശത്തേക്കുള്ള ആഗോള യാത്രയിലും അതിെൻറ പര്യവേക്ഷണത്തിലും രാജ്യത്തിെൻറ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ബഹികാശ യാത്രയിലും ഈ രംഗത്തെ നിക്ഷേപത്തിലും രാജ്യങ്ങളുടെ ഭൂപടങ്ങളിൽ അതിെൻറ സ്ഥാനം ഉയർത്തുന്നതും യാത്രയുടെ ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും ചെയർമാൻ പറഞ്ഞു.
സാങ്കേതികം, എൻജിനീയറിങ്, ശാസ്ത്ര ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളുടെ മികവിെൻറയും ആഗോള മത്സരക്ഷമതയുടെയും അളവുകോലാണ് ബഹിരാകാശ യാത്രയെന്ന് സൗദി ബഹിരാകാശ അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ സഉൗദ് അൽതമീമി പറഞ്ഞു. ഈ യാത്ര ചരിത്രപരമാണ്. കാരണം ഒരേ സമയം ഒരേ രാജ്യക്കാരായ രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇത് സൗദിയെ മാറ്റുമെന്നും സി.ഇ. ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.