റിയാദ്: ജിദ്ദയിൽ നടക്കുന്ന ജി.സി.സി മധ്യേഷ്യൻ ഉച്ചകോടിയെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര കാബിനറ്റ് സെഷനാണ് ഗൾഫ് സഹകരണ കൗൺസിൽ-മധ്യേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിലും ബുധനാഴ്ച നടക്കുന്ന 18ാമത് ജി.സി.സി സുപ്രീം കൗൺസിൽ യോഗത്തിലും പങ്കെടുക്കുന്നതിന് സൗദിയിൽ എത്തിച്ചേർന്ന വിവിധ രാഷ്ട്ര നേതാക്കളെ സ്വാഗതം ചെയ്തത്.
ഇരു മേഖലകളുടെയും നേട്ടവും വികസനവും മുൻ നിർത്തിയും ഐക്യദാർഢ്യവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും ചേരുന്ന ഉച്ചകോടിക്ക് കാബിനറ്റ് വിജയാശംസകൾ നേർന്നു.
തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ച് ഊർജ, പ്രതിരോധ മേഖലകളിലടക്കം സൗദിയും തുർക്കിയയും ഒപ്പുവെച്ച കരാറുകളെ മന്ത്രിസഭ അഭിനന്ദിച്ചു. ജപ്പാനും സൗദിക്കും വഴികാട്ടിയായി വർത്തിക്കുമെന്ന് കരുതുന്ന, ശുദ്ധ ഊർജ സഹകരണത്തിനായി ഒപ്പുവെച്ച പദ്ധതിയെയും മന്ത്രിമാർ പ്രശംസിച്ചു.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ കാബിനറ്റ് അവലോകനം ചെയ്തു.
സർക്കാർ, സ്വകാര്യ മേഖലകളെ ഉത്തേജിപ്പിക്കുകയും ബിസിനസ് മേധാവികളുടെയും കമ്പനി ഉടമകളുടെയും പരസ്പര സന്ദർശനങ്ങളും ധാരണാപത്രങ്ങളുടെ കൈമാറ്റവും തുടരുന്നത് വിവിധ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കാനുതകുമെന്ന് മന്ത്രിസഭാംഗങ്ങൾ അഭിപ്രായപ്പെട്ടു.സംഭാഷണങ്ങൾ തുടരുകയും സഹിഷ്ണുത, മിതത്വം, തീവ്രവാദ വിരുദ്ധത എന്നിവക്ക് പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങളുടെ നിലപാടുകളെയും ശ്രമങ്ങളെയും കാബിനറ്റ് യോഗം പ്രകീർത്തിച്ചു.
വിവേചനത്തിനും ശത്രുതക്കും അക്രമത്തിനും പ്രേരണ നൽകുന്ന, മതപരമായ വിദ്വേഷത്തെ ചെറുക്കുന്നതിനുള്ള കരട് പ്രമേയം യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത മന്ത്രിസഭാ യോഗം ഇത് സൗദി അടക്കം നിരവധി രാജ്യങ്ങളും സജീവമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
കൂട്ട നശീകരണ ശേഷിയുള്ള രാസായുധങ്ങൾ നിരോധിക്കുന്നതിനും അവയുടെ വ്യാപനം തടയുന്നതിനുമുള്ള സഹകരണം ലക്ഷ്യമിട്ട് ഹേഗിൽ നടന്ന രാസായുധ നിരോധന സംഘടനയുടെ എക്സിക്യൂട്ടിവ് കൗൺസിലിന്റെ യോഗത്തെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.