ഹൈടെക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി സൗദിയെ മാറ്റും; വ്യവസായിക നയം പ്രഖ്യാപിച്ച് കിരീടവകാശി

റിയാദ്: 'വിഷൻ 2030' ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതുമായി ബന്ധപ്പെട്ട സൗദിയുടെ വ്യവസായ നയം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഹൈടെക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി സൗദിയെ മാറ്റുകയും ആഗോള വിതരണ ശൃംഖല വിപുലവും സുരക്ഷിതവുമാക്കുകയും ചെയ്യുന്നതടക്കമുള്ള വ്യവസായ നയമാണ് പുതുതായി രൂപീകൃതമായ വ്യവസായ വികസന കൗൺസിൽ ചെയർമാൻ കൂടിയായ കിരീടാവകാശി പ്രഖ്യാപിച്ചത്.

100 ലക്ഷം കോടി ഡോളറിന്റെ 800 ലധികം നിക്ഷേപാവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥയുടെ വൈവിധ്യവത്കരണം സാധ്യമാക്കുന്ന പ്രക്രിയയാണ് നടക്കുക.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി സുസ്ഥിരവും മത്സരക്ഷമതയുള്ളതുമായ വ്യവസായന്തരീക്ഷം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിന് ഉപയുക്തമായ ഭൂപ്രകൃതി, സമ്പന്നമായ വിഭവങ്ങൾ, ഊർജ സ്രോതസ്സുകൾ, മാനവ വിഭവശേഷി, കമ്പനികൾ തുടങ്ങിയവ രാജ്യത്തിന് പിൻബലമായുണ്ടെന്ന് കിരീടാവകാശി പറഞ്ഞു.

എണ്ണയിതര വസ്തുക്കളുടെ ആഭ്യന്തര ഉൽപാദനവും കയറ്റുമതിയും വർധിപ്പിച്ചും ആഗോള നിക്ഷേപങ്ങളെ ആകർഷിച്ചും 'വിഷൻ 2030'ന്റെ വ്യവസായ ലക്ഷ്യങ്ങൾ തങ്ങൾ കൈവരിക്കും. ആഭ്യന്തര വ്യാവസായിക ഉൽപാദനം നിലവിലുള്ളത്തിന്റെ മൂന്നിരട്ടിയും കയറ്റുമതി ഇരട്ടിയാക്കി 55.7 ലക്ഷം കോടി ഡോളറായി വർധിപ്പിക്കുകയും ചെയ്യും.

ഉയർന്ന നിലവാരത്തിലുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കുന്നതോടൊപ്പം വ്യവസായ മേഖലയിലെ അധിക നിക്ഷേപങ്ങളുടെ മൂല്യം 130 ലക്ഷം കോടി ഡോളറാക്കി ഉയർത്തുകയും ചെയ്യും. ഇത് സാക്ഷാത്കരിക്കുന്നതോടെ നൂതന സാങ്കേതിക ഉൽപന്നങ്ങളുടെ കയറ്റുമതി അറിരട്ടിയായി വർധിക്കും.

വ്യവസായ മേഖല 'വിഷൻ 2030'ന്റെ പ്രധാന സ്​തംഭങ്ങളിൽ ഒന്നാണെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ ചൂണ്ടിക്കാട്ടി. നാഷനൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആൻഡ്​ ലോജിസ്റ്റിക്‌സ് പ്രോഗ്രാം ആരംഭിച്ചതും സ്വതന്ത്ര മന്ത്രാലയം സ്ഥാപിച്ചതും ഈ മേഖലയുടെ പരിപോഷണത്തിനാണ്.

42 വർഷത്തെ ആസൂത്രണത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട 7,206 വ്യവസായ ശാലകളുടെ എണ്ണം 'വിഷൻ' പദ്ധതി പ്രഖ്യാപിച്ച ശേഷം ഈ വർഷത്തോടെ 10,640 ആയി ഉയർന്നത് ശ്രദ്ധേയമാണ്. 2035 ഓടെ രാജ്യത്തെ വ്യവസായ ശാലകളുടെ എണ്ണം 36,000 ആയി ഉയർത്തുകയാണ് ലക്ഷ്യം. നിക്ഷേപ പങ്കാളിത്തത്തിലൂടെ സ്വകാര്യമേഖലയെ ശാക്തീകരിക്കാനും വ്യവസായ മേഖലയുടെ വഴക്കവും മത്സരക്ഷമതയും വർധിപ്പിക്കാനും സാധിക്കും. ആഗോള വ്യവസായ സാഹചര്യങ്ങൾക്ക് അനുസൃതമായ നയമാണ് സൗദിയും അവിഷ്കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

രാജ്യത്തിന്റെ വ്യവസായ മേഖല 50-ലേറെ വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത അടിത്തറയിലധിഷ്ഠിതവും നിരവധി വിജയവഴികൾ താണ്ടിയതുമാണെന്ന് കിരീടവകാശി അനുസ്മരിച്ചു. ഇത് മൊത്തം ആഭ്യന്തര ഉൽപാദന രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുകയും നിരവധി നിക്ഷേപ അവസരങ്ങളും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ലോകത്തിലെ നാലാമത്തെ പെട്രോകെമിക്കൽ ഉൽപന്ന നിർമാതാക്കൾ എന്ന പദവിയിലേക്ക് രാജ്യത്തെ ഉയർത്തുന്നതിലും ആഗോള വികസിത വ്യവസായ രാജ്യങ്ങളുടെ ശ്രേണിയിൽ എത്തിക്കുന്നതിലും കാര്യമായ പങ്കുവഹിച്ച രാജ്യത്തെ കമ്പനികളുടെ കാര്യം കിരീടവകാശി എടുത്ത് പറഞ്ഞു.

Tags:    
News Summary - Saudi Arabia’s Crown Prince Mohammed bin Salman launches National Industrial Strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.