ജിദ്ദ: ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ലോക നേതാവായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തെരഞ്ഞെടുക്കപ്പെട്ടു. ആസ്‌ട്രേലിയൻ റിസർച്ച് സെന്‍റർ ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഇന്തോനേഷ്യയിൽ നടത്തിയ സർവേയുടെ ഫലമാണിത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യയിൽ നടന്ന അഭിപ്രായ സർവേയുടെ ഫലങ്ങൾ അനുസരിച്ച് 2.57 കോടി ആളുകൾ അമീർ മുഹമ്മദ് ബിൻ സൽമാനെ തെരഞ്ഞെടുത്തു. സർവേയോട് പ്രതികരിച്ചവരിൽ 57 ശതമാനം വരുമിത്.
52 ശതമാനം പേർ തെരഞ്ഞെടുത്ത അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആണ് രണ്ടാം സ്ഥാനത്ത്. സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും 44 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ 40 ശതമാനം വോട്ട് നേടി തൊട്ടുപിന്നിൽ നാലാം സ്ഥാനത്തുണ്ട്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെയും ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെയും 34 ശതമാനം പേര് തെരഞ്ഞെടുത്തു. ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 38 ശതമാനം വോട്ടുകൾ ലഭിച്ചു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആഗോള തലത്തിൽ ഏറ്റവും ജനപ്രീതിയുള്ളതും സ്വാധീനമുള്ളതുമായ നേതാക്കളിൽ ഒന്നാമതെത്തുന്നത് ഇതാദ്യമല്ല. 2017 ൽ അമേരിക്കൻ ടൈം മാഗസിൻ അദ്ദേഹത്തെ ഏറ്റവും സ്വാധീനമുള്ള ആഗോള വ്യക്തിയായി തെരഞ്ഞെടുത്തിരുന്നു. അതേ വർഷം തന്നെ ലോകത്തെ വ്യാപാരഗതിയിൽ സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സംസ്കാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സ്വാധീനം ചെലുത്തിയ 50 വ്യക്തികളിൽ അമീർ മുഹമ്മദ് ബിൻ സൽമാനെ അമേരിക്കൻ 'ബ്ലൂംബെർഗ്' ഏജൻസി 'ലിസ്റ്റ് ഓഫ് 50' ലേക്ക് തെരഞ്ഞെടുത്തിരുന്നു. മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തുടങ്ങി നിരവധി അന്താരാഷ്ട്ര വ്യക്തികളെ ഉൾപ്പെടുത്തി 2018 ൽ പശ്ചിമേഷ്യയിലേയും വടക്കൻ ആഫ്രിക്കയിലെയും 16 രാജ്യങ്ങളിലെ യുവാക്കൾക്കിടയിലും യുവതികൾക്കിടയിലും നടത്തിയ അഭിപ്രായ സർവേ പ്രകാരം ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി അറബ് യുവാക്കൾ അമീർ മുഹമ്മദ് ബിൻ സൽമാനെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.