സൗദിക്ക് പുതിയ അന്താരാഷ്ട്ര വിമാന കമ്പനി, 'റിയ'

റിയാദ്: 'സൗദിയ' (സൗദി അറേബ്യൻ എയർലൈൻസ്) കൂടാതെ മറ്റൊരു അന്താരാഷ്ട്ര വിമാന കമ്പനി ആരംഭിക്കുന്നതിന് സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് വൻ മുതൽമുടക്കിൽ റിയാദ് ആസ്ഥാനമായി തുടക്കം കുറിക്കുന്ന എയർലൈൻസിന് 'റിയ' എന്നാകും നാമകരണം ചെയ്യുകയെന്ന് 'അറേബ്യൻ ബിസിനസ്' റിപ്പോർട്ട് ചെയ്തു. നിലവിലെ ദേശീയ വിമാന കമ്പനിയായ 'സൗദിയ'യുടെ ആസ്ഥാനം ജിദ്ദയാണ്.

'വിഷൻ 2030'ന്റെ ഭാഗമായി 10,000 കോടി റിയാൽ വ്യോമയാന മേഖലയിൽ മുതൽമുടക്കാനാണ് സൗദി പദ്ധതിയിട്ടിട്ടുള്ളത്.

ടൂറിസം രംഗത്തെ ദ്രുത മുന്നേറ്റത്തിന് ഇത് സഹായകമാകുമെന്നും രാഷ്ട്ര നേതൃത്വം കണക്ക് കൂട്ടുന്നു. 'എമിറേറ്റ്‌സ്' സമയക്രമത്തിന്റെ നാലിലൊന്ന് മാത്രമാക്കി അന്താരാഷ്ട്ര കണക്ഷൻ സർവിസുകൾ നടത്തുക എന്നത് പുതിയ വിമാന കമ്പനിയുടെ ലക്ഷ്യങ്ങലിലൊന്നാണെന്ന് അറേബ്യൻ ബിസിനസ് ചൂണ്ടിക്കാട്ടുന്നു. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമാണ്. 2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 40 ലക്ഷത്തിൽ താഴെയാണ്.

പുതിയ കമ്പനി പൂർണാർഥത്തിൽ യാഥാർഥ്യമാകാൻ യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ വൻകരളിൽ 300 കോടി ഡോളർ നിക്ഷേപം ആവശ്യമായി വരും. ആഗോളതലത്തിൽ 150-ലധികം റൂട്ടുകളിൽ പുതിയ കമ്പനി തുടക്കത്തിൽ സർവിസ് നടത്തും. 85 രാജ്യങ്ങളിലായി 158 കേന്ദ്രങ്ങളിലേക്കാണ് നിലവിൽ എമിറേറ്റ്‌സ് സർവിസ് നടത്തുന്നത്.

സൗദി എയർലൈൻസ് സസ്‍വിസിന്റെ 60 ശതമാനവും മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്നാണ്. ഏഷ്യൻ രാജ്യങ്ങളിൽനിന്ന് 20 ശതമാനവും ആഫ്രിക്കയിൽനിന്ന് വെറും 10 ശതമാനവും. ഇവിടെയാണ് പുതിയ വിമാനകമ്പനിയുടെ സാധ്യതകൾ സൗദി മുന്നിൽ കാണുന്നത്. കഴിഞ്ഞ മേയിൽ 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന വ്യോമയാന തന്ത്രം സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Saudi Arabia's New Airline May Be Called RIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.