റിയാദ്: ബഹിരാകാശ യാത്രയിൽ ചരിത്രനേട്ടം കൈവരിക്കാനായത് ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർലോഭമായ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണെന്ന് സൗദി ബഹിരാകാശ യാത്രികർ. ബഹിരാകാശ നിലയത്തിൽ താമസിച്ച് പരീക്ഷണങ്ങൾ പൂർത്തിയാക്കി ഭൂമിയിലിറങ്ങിയശേഷം സൗദിയിൽ തിരിച്ചെത്തിയ റയാന ബർനാവിയും അലി അൽ ഖർനിയും സൗദി സ്പേസ് ഏജൻസി (എസ്.എസ്.എ) റിയാദിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇപ്രകാരം പറഞ്ഞത്.
സൗദി അറേബ്യയെയും പുതുതലമുറയേയും പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതിലും ഈ നേട്ടം കൈവരിച്ച ആദ്യ അറബ്, മുസ്ലിം വനിതയായതിലും തികഞ്ഞ അഭിമാനമുണ്ടെന്ന് റയാന പറഞ്ഞു. തുടർന്നും സൗദി ജനതക്ക് ബഹിരാകാശ രംഗത്ത് തങ്ങളുടേതായ പങ്കുവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. 40 വർഷം മുമ്പ് രാജ്യം ആരംഭിച്ച ചുവടുകൾ പിന്തുടർന്നാണ് നാല് സൗദി ബഹിരാകാശ സഞ്ചാരികൾ പുതിയ മേഖലകളിലേക്ക് നീങ്ങുന്നതെന്ന് റയാന കൂട്ടിച്ചേർത്തു. ബഹിരാകാശ പരീക്ഷണങ്ങളെ സംബന്ധിച്ചിടത്തോളം, ചരിത്രപരമായ ശാസ്ത്രദൗത്യമാണ് തങ്ങൾ പൂർത്തിയാക്കിയത്.
ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ മൈക്രോ ഗ്രാവിറ്റി പരിതഃസ്ഥിതിയിൽ 14 ശാസ്ത്രീയ ഗവേഷണ പരീക്ഷണങ്ങൾ നടത്തുന്നതിൽ തങ്ങൾ വിജയിച്ചു. പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗങ്ങളെ നേരിടാൻ പ്രതിരോധ കോശങ്ങളിലെ ശാസ്ത്രീയ പരീക്ഷണം സഹായിക്കും. പരീക്ഷണം മനുഷ്യരാശിയെ സേവിക്കാൻ ഉതകുന്നതാണെന്ന് സ്തനാർബുദ ഗവേഷക കൂടിയായ റയാന പറഞ്ഞു.
അഭിലാഷമുള്ളവരും സ്വപ്നം കാണുന്നവരുമെന്ന നിലക്ക് ബഹിരാകാശ പര്യവേക്ഷണത്തിൽ സൗദി അറേബ്യക്ക് ഇനിയും മുന്നോട്ടു പോകാൻ സാധിക്കുമെന്നും 'വിഷൻ 2030' ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ബഹിരാകാശയാത്രികർ മുന്നിലുണ്ടാകുമെന്നും റയാനയുടെ സഹയാത്രികൻ അലി അൽ ഖർനി പറഞ്ഞു. ബഹിരാകാശത്ത് നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങൾ തന്റെ കരിയറിലെ ഒരു കുതിച്ചുചാട്ടമാണെന്ന് യുദ്ധവിമാന പൈലറ്റായ അൽ-ഖർനി കൂട്ടിച്ചേർത്തു. ഈ ദൗത്യത്തിൽ താനും മുഹമ്മദ് അൽ ഗംദിയും വഹിച്ച പങ്ക് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള തയാറെടുപ്പ് കൂടിയായിരുന്നു എന്ന് സൗദി ബഹിരാകാശ സഞ്ചാരി മർയം ഫിർദൗസ് പറഞ്ഞു. അമേരിക്കയിലെ ഓപറേഷൻ റൂമിലെ കൺട്രോൾ വിഭാഗത്തിൽനിന്ന് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ബർനാവിയുമായും അൽ ഖർനിയുമായും തങ്ങൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി.
ബഹിരാകാശ സാധ്യതകൾ ത്വരിതപ്പെടുത്തണമെന്ന കാഴ്ചപ്പാടുള്ള കിരീടാവകാശിയുടെ മാർഗനിർദേശങ്ങളാണ് ദൗത്യം വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചതെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയും സൗദി ബഹിരാകാശ ഏജൻസി (എസ്.എസ്.എ) ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സവാഹ പറഞ്ഞു.
ബഹിരാകാശ മേഖല ലോകത്തെ മാറ്റുമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. നിലവിലെ 50 വർഷങ്ങളിൽ ഇന്റർനെറ്റ് നിർവഹിച്ച ലോകത്തെ മാറ്റിമറിക്കൽ പ്രക്രിയ അടുത്ത 50 വർഷത്തിനുള്ളിൽ ബഹിരാകാശ മേഖല നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് സഊദ് അൽ-തമീമിയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.