ജുബൈൽ: വൈവിധ്യമാർന്ന ഭൂപ്രകൃതിയും വലുപ്പവും സൗദി അറേബ്യയെ ജ്യോതിശാസ്ത്ര പ്രേമികളുടെ പറുദീസയാക്കുന്നു. രാജ്യത്ത് ചിതറിക്കിടക്കുന്ന പർവതങ്ങൾ, താഴ്വരകൾ, മണൽക്കൂനകൾ, കുന്നുകൾ, സമതലങ്ങൾ, വലിയ മരുഭൂമികൾ എന്നിവ രാത്രി ആകാശം നിരീക്ഷിക്കാൻ ആഗ്രഹമുള്ള ഏതൊരാളുടെയും മനംനിറക്കുന്ന കൗതുക കാഴ്ചയാണ്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും നിരീക്ഷണം സൗദി സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നു. അറേബ്യൻ ഉപദ്വീപിൽ എണ്ണ കണ്ടെത്തുന്നതിന് മുമ്പ് ജീവിച്ചിരുന്ന നാടോടികളായ മനുഷ്യരുടെ ജീവിതശൈലിയിൽ ഇത് കാണാം. നൂറുകണക്കിന് വർഷങ്ങൾക്ക് പ്രാചീനമായ നിരവധി അറബി കവിതകളിൽ നക്ഷത്രങ്ങളെ പരാമർശിക്കുന്നുണ്ട്. മരുഭൂമിയിൽനിന്ന് നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നത് സൗദി സംസ്കാരത്തിെൻറ ഭാഗമാണ്.
ത്വാഇഫിന് 150 കിലോമീറ്റർ തെക്കായി ബാനി മാലിക് പോലുള്ള ജ്യോതിശാസ്ത്രജ്ഞർക്കും നക്ഷത്രനിരീക്ഷകർക്കും അനുയോജ്യമായ നിരവധി സ്ഥലങ്ങൾ സൗദി അറേബ്യയിലുണ്ട്. സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിൽ നിലകൊള്ളുന്ന മദീനയുടെ പടിഞ്ഞാറ് ഭാഗത്തെ അൽഫിഗ്ര പർവതം നക്ഷത്രനിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച മറ്റൊരു സ്ഥലമാണ്. രാജ്യത്തിന് മുകളിലുള്ള നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോയവർഷങ്ങളിൽ ഫോട്ടോഗ്രാഫർമാർക്ക് ജനപ്രിയ വിഷയമായി മാറിയിരുന്നു. അവർ നക്ഷത്രനിബിഡമായ ആകാശത്തിെൻറയും ഭൂപ്രദേശങ്ങളുടെയും പൈതൃക പ്രദേശങ്ങളുടെയും മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുത്ത് പ്രദർശനങ്ങൾ സമ്പുഷ്ടമാക്കി.
സൗദിയുടെ ഭൂപ്രകൃതിയെ മരുഭൂമികളും സമതലങ്ങളും പർവതങ്ങളുമായി വിഭജിക്കുന്നു. ഇത് നക്ഷത്രനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത കാഴ്ചകൾക്കായി പലരൂപത്തിൽ നിലയുറപ്പിക്കാൻ സഹായിക്കുന്നതാണ്.
നഫൂദ് മരുഭൂമി, അൽ ദഹന മരുഭൂമി, തബൂക്ക് മേഖലയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ബജാദ മരുഭൂമി എന്നിങ്ങനെയാണ് മരുഭൂമികളുടെ വർഗീകരണം. നിയോം നഗരം, അമല ചെങ്കടൽ ദ്വീപുകൾ, അൽ വാജ്, അൽ ശുെഎബ, അൽ വജ്ഹ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള അൽ സിലാ പ്രദേശം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മദീനയുടെ പടിഞ്ഞാറ് അൽ ഫിഗ്ര, ത്വാഇഫിെൻറ അൽ ഷഫ, അൽ ഹദ പർവതനിരകൾ, അൽ വാജ് അൽ മൻജോർ സെൻററിനടുത്തുള്ള 'റാൽ' എന്നിവയാണ് പർവത പ്രദേശങ്ങൾ. ജ്യോതിശാസ്ത്രത്തിെൻറ വികാസവും വർധിച്ചുവരുന്ന ജനപ്രീതിയും സൗദി ജ്യോതിശാസ്ത്രജ്ഞരെ ഗ്രഹങ്ങൾ, താരാപഥങ്ങൾ, നക്ഷത്രങ്ങൾ എന്നിവയെ മുമ്പത്തേക്കാൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ മുൽഹാം ഹിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.