ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ പ്രധാന പ്രവേശന കവാടമായ സൗദി-ബഹ്റൈൻ കോസ്വേ ജൂലൈ 27 മുതൽ വീണ്ടും യാത്രക്കായി തുറക്കുമെന്ന് ബഹ്റൈൻ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി നാലു മാസം മുമ്പ് മാർച്ച് ഏഴിനാണ് കോസ്വേ അടച്ചിട്ടത്.
നിത്യവും പതിനായിരക്കണക്കിന് ആളുകൾ ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കോസ്വേ സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട യാത്രാമാർഗമാണ്. സൗദി വ്യാപാര മേഖലയിലെ ചരക്കുനീക്കങ്ങളുടെ പ്രധാന ഇടനാഴി കൂടിയാണിത്.
ബഹ്റൈനിൽ കോവിഡ് വ്യാപകമാവുകയും സൗദിയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോസ്വേ അടച്ചത്. ആയിരക്കണക്കിന് ആളുകൾ ഇതോടെ പ്രതിസന്ധിയിലായി. സൗദി അരാംകോ ഉൾപ്പെടെയുള്ള കമ്പനികളിൽ ജോലിചെയ്യുന്ന നിരവധി പേർ ബഹ്റൈനിൽ താമസിക്കുകയും നിത്യവും സൗദിയിലെത്തി ജോലിചെയ്യുകയും ചെയ്യുന്നവരാണ്. കടൽപാത അടഞ്ഞതോടെ ഇവരിൽ അധികം പേരും സൗദിയിൽ കുടുങ്ങിപ്പോയി.
അനിശ്ചിതകാലത്തേക്ക് കോസ്വേ അടക്കുേമ്പാഴും ഇത്രകാലം നീണ്ടുപോകുമെന്ന് ആരും കരുതിയിരുന്നില്ല. കാത്തിരുപ്പുകൾക്കൊടുവിലാണ് 27 മുതൽ കോസ്വേ തുറക്കുമെന്ന വിവരങ്ങളെത്തുന്നത്. സൗദിയിൽ ലോക് ഡൗൺ പിൻവലിക്കുകയും ജനജീവിതം സാധാരണ ഗതിയിലാവുകയും ചെയ്തതു മുതൽ കോസ്വേ തുറക്കുന്ന വാർത്തക്കായി കാതോർത്തിരിക്കുകയാണ് സൗദിയിലെ സ്വദേശികളും വിദേശികളും.
ബഹ്ൈറനിൽനിന്ന് നാട്ടിൽ പോയവരെ തിരികെയെത്തിക്കാൻ കഴിഞ്ഞ മാസം 12 മുതൽ ഗൾഫ് എയർ വിമാനസർവിസുകൾ നടത്തുന്നുണ്ട്. തിരിച്ചെത്തിയവർ 14 ദിവസം ക്വറൻറീനിൽ കഴിയണം എന്നാണ് ബഹ്റൈൻ സർക്കാറിെൻറ നിർദേശം.
കോസ്വേ തുറക്കുന്നതോടെ വിസ കാലാവധിയുള്ളവർക്ക് ബഹ്റൈൻ വഴി സൗദിയിലേക്ക് തിരിച്ചെത്താനാകുമോ എന്ന് കോസ്വേ തുറക്കുന്ന വാർത്തയെത്തിയതോടെ ആളുകൾ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും കോസ്വേ പ്രവർത്തിക്കുക എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സൗദിയിൽ കുടുങ്ങിയ ബഹ്റൈൻ വിസയുള്ളവർക്ക് തിരികെപ്പോകാൻ അനുമതി നേരത്തെ നൽകിയിരുന്നെങ്കിലും ബഹ്ൈറനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ സാധിക്കുമായിരുന്നില്ല. നിരവധി കമ്പനികളിലെ ജീവനക്കാർക്ക് ആശ്വാസം പകരുന്നതുകൂടിയാണ് പുതിയ വാർത്ത. സൗദിയിലും ബഹ്റൈനിലുമുള്ള കച്ചവട മേലയിൽ പ്രവർത്തിക്കുന്നവർക്കും ടാക്സി സേവനം നടത്തുന്നവർക്കും കോസ്വേ തുറക്കുന്നത് ആശ്വാസം പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.