റിയാദ്: അറബ് ഐക്യം, സുരക്ഷ, സമാധാനം എന്നിവ സൗദിയുടെ പ്രഥമ പരിഗണയിലുള്ള വിഷയമായി തുടരുമെന്ന് സൗദി മന്ത്രിസഭ പ്രഖ്യാപിച്ചു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഓൺലൈനിൽ ചേർന്ന മന്ത്രിസഭ യോഗമാണ് സൗദിയുടെ നയം ആവർത്തിച്ച് വ്യക്തമാക്കിയത്.
അറബ് ലീഗ് വിദേശമന്ത്രിമാരുടെ 154ാമത് സമ്മേളനത്തിെൻറ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ പ്രഖ്യാപനം. മധ്യപൗരസ്ത്യ മേഖലക്ക് ഭീഷണിസൃഷ്ടിക്കുന്ന, അറബ് രാഷ്ട്രങ്ങളുടെ മേധാവിത്വത്തെ ബാധിക്കുന്ന എല്ലാ ഭീഷണികളെയും സൗദി തള്ളിക്കളയുന്നു. അറബ്രാഷ്ട്രങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതും സൗദിയുടെ മുന്തിയ പരിഗണയിലുള്ള വിഷയങ്ങളായിരിക്കും. ഫലസ്തീൻ പ്രശ്നം ഇതിൽ പ്രഥമ പരിഗണ അർഹിക്കുന്നതാണ്. ഫലസ്തീൻ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് നീതിയുക്തമായ സമ്പൂർണ പരിഹാരം ലഭിക്കേണ്ടതുണ്ട്. 1967ലെ അതിർത്തിയിൽ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം നിലവിൽവരണം. ഫലസ്തീൻ സമാധാനത്തിന് നിലവിൽവന്ന അന്താരാഷ്ട്ര കരാറുകൾ പാലിക്കപ്പെടണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
ജി 20 ഉച്ചകോടിയിൽ സൗദി അധ്യക്ഷത വഹിക്കുന്നതിെൻറ മുന്നോടിയായി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിവിധ രാഷ്ട്ര നേതാക്കളുമായി സൽമാൻ രാജാവ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നയതന്ത്ര സംഭാഷണങ്ങൾ മന്ത്രിസഭ വിലയിരുത്തി. ചെങ്കടൽ ടൂറിസത്തിന് പ്രത്യേക സഭ രൂപവത്കരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. കോവിഡ് 19 ലോക സാമ്പത്തികമേഖലക്ക് വരുത്തിയ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും മന്ത്രിസഭ ചർച്ചചെയ്തു. ജി20 ഉച്ചകോടി ഇത്തരം പ്രതിസന്ധിയെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും വിശദമായി ചർച്ചചെയ്യുമെന്നും മന്ത്രിസഭയിൽ അഭിപ്രായം വന്നതായും വാർത്ത വിനിമയ മന്ത്രാലയ ചുമതലയുള്ള ഡോ. മാജിദ് അൽഖസബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.