സൗദിയിൽ ഇഖാമ ഫീസും ലെവിയും തവണകളാക്കുന്നത്​ പരിഗണനയിൽ; സ്​പോൺസർഷിപ്പ്​ സംവിധാനം അവസാനിപ്പിക്കും

ജിദ്ദ: രാജ്യത്തെ വിദേശി തൊഴിലാളികൾക്ക്​ ഏർപ്പെടുത്തിയ ലെവിയും ഇഖാമയും വർക്ക്​ പെർമിറ്റിനുമുള്ള ഫീസുകളും തവണകളായി അടക്കാൻ സൗകര്യമൊരുക്കുന്നതിനെ കുറിച്ച്​ ആലോചിക്കുകയാണെന്ന്​ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. വർഷത്തിൽ നാലു തവണയായി അടയ്​ക്കാൻ കഴിയും വിധം ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള പഠനമാണ്​ നടക്കുന്നതെന്ന്​ അണ്ടർ സെക്രട്ടറി എൻജി. ഹാനീ അൽമുഅ്​ജൽ പറഞ്ഞു. മൂന്നുമാസത്തിലൊരിക്കലാകു​േമ്പാൾ ചെറിയ തുകയെന്ന വലിയ ഭാരമില്ലാതെ ഇൗ ഫീസുകൾ അടയ്​ക്കാൻ കഴിയും. ത്വാഇഫ്​, മദീന ചേംബർ ഒാഫ്​ കോമേഴ്​സുകളുടെ സഹകരണത്തോടെ​ മക്ക ചേംബർ ഒാ-ഫ്​ കോമേഴ്​സ്​ 'തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലെ കരാർ ​ബന്ധം മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തൊഴിൽ പരിഷ്കാരങ്ങൾ അവലോകനം ചെയ്യുന്നതിനും ഇക്കാര്യത്തിൽ സ്വകാര്യ മേഖലയുടെ കാഴ്​ചപാടുകൾ അറിയുന്നതിനും വേണ്ടിയാണ്​ ഇങ്ങനെയൊരു സെഷൻ നടന്നത്​. നിലവിൽ ലെവി അടക്കേണ്ടത്​ വർഷത്തിലാണ്​​. അത്​ ത്രൈമാസിക രീതിയിൽ ആക്കാൻ കഴിയുമോ, അതി​െൻറ സാധ്യതകളും വെല്ലുവിളികളും എങ്ങനെയാണ്​ എന്നീ കാര്യങ്ങളാണ്​ മന്ത്രാലയം പഠനവിധേയമാക്കുന്നത്​. തൊഴിലുടമകൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്​നങ്ങൾ​ ഇതിലൂടെ പരിഹരിക്കാനാകുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.​ ​

ലെവിയും ഇഖാമ പുതുക്കൽ ഫീസും നിലവിൽ തൊഴിലുടമ​ നൽകേണ്ടതാണ്​. പുതിയ തൊഴിൽ പരിഷ്​കാരം അനുസരിച്ച്​ ​സ്​പോൺസർഷിപ്പ്​ സംവിധാനമുണ്ടാകില്ല. പകരം ജോലിക്കാരനും തൊഴിലുടമയും തമ്മിൽ കരാർ ബന്ധമാണുള്ളതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. പുതിയ തൊഴിൽ പരിഷ്​കരണങ്ങൾ വ്യക്തമാക്കുന്നതിന്​ നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​. തൊഴിലാളിക്ക്​ മറ്റൊരു സ്ഥാപനത്തിൽ പകരം ജോലി ലഭിക്കുകയാണെങ്കിൽ അയാളെ രാജ്യത്തിനു നിന്ന്​ തിരിച്ചയക്കാനുള്ള അധികാരം തൊഴിലുടമക്കില്ലെന്നും പുതിയ കരാർ വിശദീകരിക്കവെ അണ്ടർ സെക്രട്ടറി പറഞ്ഞു.

ജോലി എന്ന കാരണം പറഞ്ഞ്​ തൊഴിലാളിയെ ത​െൻറ രാജ്യത്തേക്ക്​ അവധിക്ക്​ പോകുന്നത്​ തടയാനും തൊഴിലുടമക്ക്​ അധികാരമില്ല. അവകാശങ്ങൾ ലഭിക്കാനുണ്ടെങ്കിൽ തൊഴിലുടമ അത്​ കോടതിയിലുടെ നേടേണ്ടതുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. 70 വർഷം പഴക്കമുള്ള സ്​പോൺസർഷിപ്പ്​ സംവിധാനം പരിഷ്​കരിക്കുന്നതിനുള്ള നടപടികൾ ഇക്കഴിഞ്ഞ നവംബർ നാലിനാണ്​ മാനവവിഭവ ശേഷി മന്ത്രാലയം ആരംഭിച്ചത്​. തൊഴിലുടമയും​ തൊഴിലാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ്​ ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്​. ഇൗ വർഷം മാർച്ച്​ 14 മുതൽ​ പരിഷ്​കരിച്ച തൊഴിൽ നിയമം നടപ്പാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.