റിയാദ്: സൗദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളി യുവാവിനെ വെടിവെച്ച കേസിലെ പ്രതിക്ക് സൗദി കോടതി ഏഴു വർഷം തടവും പിഴയും വിധിച്ചു. ആഗസ്റ്റ് 12ന് പുലർച്ചെ ആറോടെ റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിലെ പെട്രോൾ പമ്പിൽ കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീെൻറയും പരേതയായ ലൈലാബീവിയുടെയും മകൻ മുഹമ്മദിനെ (27) വെടിവെച്ച സൗദി പൗരനാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 30 വയസ്സുള്ളയാളാണ് പ്രതി. ഈ മാസം എട്ടിനാണ് പ്രതി പൊലീസിെൻറ പിടിയിലായത്. വളരെ വേഗം വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
കാറുമായെത്തിയ പ്രതി പെട്രോളടിച്ചശേഷം പണം നൽകാതെ പോകാനൊരുങ്ങിയപ്പോൾ അത് ചോദ്യംചെയ്തതിൽ പ്രകോപിതനായാണ് വെടിയുതിർത്തത്. പണം ചോദിച്ച് അടുത്തു ചെന്നപ്പോൾ മുഹമ്മദിനുനേരെ വെടിയുതിർക്കുകയായിരുന്നു. തുടക്കു വെടിയേറ്റ മുഹമ്മദ് വാദി ദവാസിറിലെ മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായശേഷം ചികിത്സയിലാണ്. കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ട സ്വദേശി പെട്രോൾ അടിച്ചശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു.
കാർ മുന്നോട്ടെടുത്തു പോയ ശേഷം തിരിച്ചുവന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് കാൽമണിക്കൂറിലധികം അവിടെ കിടന്ന മുഹമ്മദിനെ കുളപ്പാടം സ്വദേശിയായ സിറാജുദ്ദീൻ സഖാഫിയും മറ്റു മലയാളികളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമായതിനാൽ സിറാജുദ്ദീൻ സഖാഫി മുൻകൈയെടുത്ത് യുവാവിനെ അവിടെയുള്ള പട്ടാള ക്യാമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പമ്പിനടുത്തുള്ള ലോഡ്ജിലെ ജീവനക്കാരനായ മുഹമ്മദ് പമ്പിൽ താൽക്കാലിക ജോലിക്കായി കയറിയതായിരുന്നു. അഞ്ചു വർഷമായി സൗദിയിലുള്ള മുഹമ്മദ് ഒരു തവണ നാട്ടിൽ പോയിരുന്നു. സംഭവത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും ഐ.എൻ.ടി.യു.സി കൊല്ലം ജില്ല സെക്രട്ടറിയുമായ അയത്തിൽ നിസാമിെൻറ സഹായത്തോടെ ബന്ധുക്കൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കഴിഞ്ഞ മാസം 18ന് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.