ജാക്കി യി റൂ യിങ്
റിയാദ്: സൗദി പൗരത്വം നൽകിയ വിദേശികളായ പ്രതിഭകളിൽ പ്രമുഖ അമേരിക്കൻ ശാസ്ത്രജ്ഞയായ സിംഗപ്പൂരിൽനിന്നുള്ള ജാക്കി യി റു യിങ്ങും.
ബയോ എൻജിനീയറിങ്ങിലും പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തിലും ലോകത്ത് അറിയപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞയാണ് ജാക്കി യി റൂ യിങ്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംങ്ങളിൽ ഒരാളായി 2012 മുതൽ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന പ്രമുഖ വ്യക്തിയുമാണ്. ‘500 മുസ്ലിംകൾ’ എന്ന പ്രസിദ്ധീകരണമാണ് എല്ലാവർഷവും ഈ തെരഞ്ഞെടുപ്പ് നടത്തുന്നത്.
അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനീയേഴ്സിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ‘ആധുനിക കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ 100 എൻജിനീയർമാരിൽ ഒരാളാ’യും ജാക്കി യി റൂ യിങ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിംഗപ്പൂരിലെ പ്രശസ്ത വനിതകളുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ‘നാനോ ടുഡേ’ മാസികയുടെ സ്ഥാപക എഡിറ്റർ-ഇൻ-ചീഫ് കൂടിയാണ് അവർ.
ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടിത്തക്കാർ, സംരംഭകർ, അപൂർവ പ്രതിഭയുള്ളവർ, വ്യത്യസ്ത അനുഭവമുള്ളവർ, പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ളവർ തുടങ്ങിയ വിശിഷ്ട വ്യക്തികൾക്ക് സൗദി പൗരത്വം നൽകുന്നതിനുള്ള രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാക്കി യി റൂ യിങ്ങിനുള്ള പൗരത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.