യാത്രക്കാർക്ക്​ ക്വാറന്‍റീൻ തുക​ തിരിച്ചുനൽകണമെന്ന്​ വിമാന കമ്പനികളോട്​ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

റിയാദ്: സൗദി അറേബ്യയിലേക്ക് വരാനിരിക്കുന്ന യാത്രക്കാരിൽ നിന്ന് നേരത്തെ ക്വാറന്റീൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ വിമാന കമ്പനികൾ ക്വാറന്റീൻ പണം തിരിച്ചു നൽകണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക്ക) ആവശ്യപ്പെട്ടു. എല്ലാ കമ്പനികളും ഈ നിർദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച പുതിയ കോവിഡ് നിയന്ത്രണ വ്യവസ്ഥകളിലെ ഇളവുകളിൽ പ്രധാന പ്രഖ്യാപനമായിരുന്നു രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ഹോട്ടൽ, ഹോം ക്വാറന്റീൻ ഒഴിവാക്കി എന്നത്. ഇതനുസരിച്ചാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികൾക്ക് സർക്കുലർ അയച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ആശ്വാസ പ്രഖ്യാപനം നടത്തിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന ആർ.ടി.പി.സി.ആർ, ആന്റിജൻ കോവിഡ് പരിശോധന ഫലം റിപ്പോർട്ടും ഇനി മുതൽ ആവശ്യമില്ല. നേരത്തെ സൗദിയിലേക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് എടുത്തുകളഞ്ഞു. രാജ്യത്തേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഇൻഷുറൻസ് പോളിസി എടുക്കൽ നിർബന്ധമാണെന്നും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Saudi Civil Aviation Authority asks airline companies to refund quarantine charges to passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.