യാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടുതൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസും നിർദേശം നൽകി. വെള്ളിയാഴ്ച വരെ മക്കയിലെ 13 ഗവർണറേറ്റ് പരിധികളിലും മഴ പെയ്യും. ജിദ്ദ, മദീന, താഇഫ്, റാബിഖ്, ജമൂം, അൽ കാമിൽ, ഖുലൈസ്, ബഹ്റഅൽ ലൈത്ത്, അൽ കുൻഫുദ, അൽ അർദിയാത്ത്, അദം, മൈസാൻ തുടങ്ങിയ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതായും ചിലയിടങ്ങളിൽ കനത്ത തോതിലാകാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തബൂഖ് മലമ്പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടാവും. അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹാഇൽ, മദീന എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ പൊതുവെ ശീതകാലവസ്ഥയായിരിക്കും. റിയാദ്, അൽ ജൗഫ്, കിഴക്കൻ പ്രവിശ്യകളിലെ ചില മേഖലകളിലും മദീന പ്രവിശ്യയിലെ ചില പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു.
മഴ പെയ്യുന്ന പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളിലും താഴ്വാരങ്ങൾക്കും തോടുകൾക്കും അരികിലും താമസിക്കുന്നവർ കാലാവസ്ഥാ വ്യതിയാനമുള്ള സന്ദർഭങ്ങളിൽ അവിടെ നിന്ന് മാറി നിൽക്കാനും മഴമൂലം ഉണ്ടായേക്കാവുന്ന കെടുതികളിൽ പെട്ട് അപകടം വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയും കാറ്റും ഉള്ള സന്ദർഭങ്ങളിൽ അണക്കെട്ടുകൾ, കുളങ്ങൾ, വൈദ്യുതി വിളക്കുകാലുകൾ, വൈദ്യുതി തൂണുകൾ എന്നിവയിൽ നിന്ന് മാറി നിൽക്കാനും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.