റിയാദ്: അധിനിവേശ പ്രദേശങ്ങളിൽ പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഇസ്രായേൽ നീക്കത്തെ ശക്തിയായി അപലപിച്ച് സൗദി അറേബ്യ. പ്രകോപനപരമായ നീക്കങ്ങളിൽനിന്ന് ഇസ്രായേൽ ഭരണകൂടം പിന്മാറണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അറബ് സമാധാന സംരംഭത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരശ്രമങ്ങളെ തുരങ്കം വെക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം അധിനിവേശ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ലംഘനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഫലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കിലെ നാലു മേഖലകളിൽ 1,000 പാർപ്പിടങ്ങൾ നിർമിക്കാനുള്ള നടപടികളുമായി ഇസ്രായേൽ ഭരണകൂടം മുന്നോട്ടുപോകുന്നതായാണ് റിപ്പോർട്ട്.
അമേരിക്കയുടെ ഇടപെടലിനെത്തുടർന്ന് അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിലെ നിർമാണം മരവിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉറപ്പുനൽകിയിരുന്നു. ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ പ്രതികരണം. റമദാൻ മാസത്തിന് മുന്നോടിയായി വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈജിപ്തിലെ ശറമു ശൈഖിൽ ഇസ്രായേൽ, ഫലസ്തീൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം ജോർഡനിലെ അഖബയിൽ നടന്ന ഉച്ചകോടിയിൽ വെസ്റ്റ് ബാങ്കിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാമെന്ന ഉറപ്പ് ഇസ്രായേൽ ലംഘിച്ചതിലുള്ള പ്രതിഷേധം കനക്കുകയാണ്.
ഇത് മേഖലയെ വീണ്ടും അസ്വസ്ഥമാക്കുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.