യാംബു: ഫലസ്തീനിലെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 1997 ഏക്കർ (800 ഹെക്ടർ) ഭൂമികൂടി കൈയേറിയ ഇസ്രായേൽ നടപടിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും ഇസ്രായേൽ അധിനിവേശത്തിന്റെയും നിർബന്ധിത കുടിയേറ്റത്തിന്റെയും ക്രൂര മുഖമാണിതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഗസ്സയിലെ കൂട്ടക്കുരുതിക്കും വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനുമെതിരെ അന്താരാഷ്ട്ര എതിർപ്പുകൾ ശക്തമാകുന്നതിനിടെയാണ് ഇസ്രായേൽ നീക്കം.
വെസ്റ്റ് ബാങ്കിൽ ഇനി ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കരുതെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യു.എൻ മനുഷ്യാവകാശ വിഭാഗവും ഇസ്രായേലിന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും നിയമസാധുത പ്രമേയങ്ങളുടെയും തുടർച്ചയായ ഇസ്രായേൽ ലംഘനം അന്താരാഷ്ട്ര വ്യവസ്ഥയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിയും സുസ്ഥിരവുമായ സമാധാന സാധ്യതകളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും സൗദി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ തീവ്രമായ കുറ്റകൃത്യത്തിനെതിരെ രംഗത്തിറങ്ങാനും ഇത്തരം അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാനും പിടിച്ചെടുത്ത ഫലസ്തീൻ ഭൂമി തിരികെ നൽകാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും സൗദി ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.