റിയാദ്: ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ സുരക്ഷാ കൗൺസിലിെൻറയും അന്താരാഷ്ട്ര സമൂഹത്തിെൻറയും പരാജയം സാക്ഷ്യപ്പെടുത്തുന്ന ഒരു മാനുഷിക ദുരന്തത്തെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നതെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ അഭ്യർഥന പ്രകാരം റിയാദിൽ വിളിച്ചുകൂട്ടിയ അടിയന്തിര അറബ്-ഇസ്ലാമിക് സംയുക്ത ഉച്ചകോടി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.
ഗസ്സയിലെ യുദ്ധം തടയാൻ സൗദി അക്ഷീണമായ ശ്രമങ്ങൾ നടത്തി. സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആശ്വാസം പകരാനും മാനുഷിക ഇടനാഴികൾ തുറക്കാനുള്ള ആവശ്യം സൗദി അറേബ്യ ആവർത്തിക്കുന്നു. ആശുപത്രികളും സിവിലിയൻ വസ്തുക്കളും നശിപ്പിച്ച് ഫലസ്തീനികൾക്കെതിരായി തുടരുന്ന ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുന്നു. ഈ ദൗർഭാഗ്യകരമായ സാഹചര്യത്തെ നേരിടാൻ ഫലപ്രദമായ നടപടിയെടുക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഗസ്സയിലേക്ക് മാനുഷികവും ദുരിതാശ്വാസകരവുമായ സഹായങ്ങൾ എത്തിക്കാനും ഉപരോധം നീക്കാനും ഒരുമിച്ച് നിൽക്കാൻ കിരീടാവകാശി ആഹ്വാനം ചെയ്തു.
ഗസ്സക്കെതിരായ ഇസ്രായേൽ നടത്തുന്ന ക്രൂരമായ യുദ്ധത്തെ തെൻറ രാജ്യം ആദ്യ ദിവസം തന്നെ അപലപിക്കുകയും ആളുകളെ കുടിയിറക്കാന്നതിനെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു. ഇസ്രായേൽ എത്രയും വേഗം സൈനികാക്രമണങ്ങൾ അവസാനിപ്പിക്കണം. ഗസ്സയിൽ ഏകപക്ഷീയമായ ഈ ആക്രമണം തുടരുന്നത് യു.എൻ രക്ഷാകൗൺസിലിെൻറ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അടിയന്തര വെടിനിർത്തലാണും സഹായമെത്തിക്കലുമാണ് ആവശ്യപ്പെടുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഗസ്സയിലേക്ക് മാനുഷിക ഇടനാഴികൾ ഉടൻ തുറക്കണം. സാധാരണക്കാരായ ജനങ്ങൾക്കെതിരായ ഈ ക്രൂരതകൾക്കെല്ലാം ഉത്തരവാദി ഇസ്രായേലി അധിനിവേശകരാണെന്നും കിരീടാവകാശി കുറ്റപ്പെടുത്തി.
മേഖലയിൽ സുരക്ഷിതത്വവും സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ഏക മാർഗം അധിനിവേശവും ഉപരോധവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങളോടെ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം അനുവദിക്കുകയും ചെയ്യുക എന്നതാണ് എന്ന് ഞങ്ങൾ ഉറച്ചുവിശ്വാസിക്കുന്നുവെന്നും കിരീടാവകാശി വ്യക്തമാക്കി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണ പശ്ചാത്തലത്തിൽ അതിനെതിരെ ഐക്യപ്പെടുക എന്ന ഉദ്ദേശ്യത്തോടെയാണ് അടിയന്തിര അറബ്-ഇസ്ലാമിക ഉച്ചകോടി റിയാദിൽ ചേർന്നത്. അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) എന്നീ കൂട്ടായ്മകളുമായി സൗദി അറേബ്യ കൂടിയാലോചന നടത്തിയാണ് അസാധാരണ യോഗം വിളിച്ചത്. ഗസ്സയിലെ ക്രൂരമായ ഇസ്രായേലി ആക്രമണത്തിന് മുന്നിൽ അറബ്, ഇസ്ലാമിക് രാജ്യങ്ങളെ എകീകരിക്കുക എന്നതും ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നു. ശനിയാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച ഉച്ചകോടിയിൽ അറബ്, ഇസ്ലാമിക രാഷ്ട്ര നേതാക്കളും പ്രതിനിധികളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.