ഫലസ്തീൻ പ്രസിഡന്റ്​ മഹമൂദ് അബ്ബാസ്​ ജിദ്ദയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തുന്നു

ഫലസ്തീനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് മുഹമ്മദ് ബിൻ സൽമാൻ, മഹ്മൂദ് അബ്ബാസ് കൂടിക്കാഴ്ച

റിയാദ്: സൗദിയിലെത്തിയ ഫലസ്തീൻ പ്രസിഡന്റ്​ മഹമൂദ് അബ്ബാസിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ജിദ്ദയിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അറബ് സമാധാന സംരംഭത്തിന് അനുസൃതമായി കിഴക്കൻ ജറുസലേം ആസ്ഥാനമാക്കി സ്വതന്ത്ര രാഷ്​ട്രം സ്ഥാപിക്കുന്നതിന്​ ഫലസ്തീൻ ജനതക്കുള്ള നിയമാനുസൃത അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്ന്​ ഇരുവരും ഊന്നിപ്പറഞ്ഞു.

കിഴക്കൻ ജറുസലേമിലും അധിനിവേശ വെസ്​റ്റ്​ ബാങ്കിലും ആഴ്ചകൾ നീണ്ട ഇസ്രായേൽ സേനയുടെ അക്രമണത്തിനും തുടർന്നുണ്ടായ സംഘർഷത്തിനും ശേഷമാണ് അബ്ബാസി​ന്റെ സൗദി സന്ദർശനം. ഇസ്രയേലും ലെബനനും തമ്മിലുള്ള അതിർത്തി കടന്നുള്ള വെടിവെപ്പ് വീണ്ടും ഒരു സംഘർഷത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും നിലനിന്നിരുന്നു.

സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ്, ദേശീയ സുരക്ഷ മന്ത്രി അബ്​ദുല്ല ബിൻ ബന്ദർ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബുധനാഴ്ച ഫലസ്തീനിലേക്ക് മടങ്ങിയ മഹമൂദ് അബ്ബാസിനെജിദ്ദ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ ബിൻ അബ്​ദുൽ അസീസി​ന്റെ നേതൃത്വത്തിൽ യാത്രയാക്കി.

ഇതിനിടെ ഹമാസ് പ്രസിഡന്റ് ഇസ്മായിൽ ഹനിയ്യയുടെ നേതൃത്വത്തിലുള്ള സംഘം ജിദ്ദയിലെത്തി ഉംറ നിർവഹിച്ചു. 2015ന് ശേഷം ആദ്യമായി സൗദിയിലെത്തിയ ഹമാസ് സംഘത്തിന് ഔദ്യോഗിക സന്ദർശനങ്ങളുണ്ടോ എന്ന് വ്യക്തമല്ല. കഴിഞ്ഞ സന്ദർശന വേളയിൽ ഹമാസ് നേതാക്കൾ സൽമാൻ രാജാവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.

Tags:    
News Summary - Saudi Crown Prince Receives Palestinian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.