ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് കാർ സംഗമമായി സൗദിയിൽ സംഘടിപ്പിക്കുന്ന 'സൗദി ഡാക്കർ റാലി 2022'നുള്ള ഒരുക്കങ്ങൾ ജിദ്ദയിൽ പൂർത്തിയായി.
റാലിയിൽ പങ്കെടുക്കാനുള്ള 1,100 വ്യത്യസ്ത വാഹനങ്ങൾ കഴിഞ്ഞ ദിവസം ഫ്രാൻസിലെ മാഴ്സെയിൽനിന്ന് രണ്ട് കപ്പലുകളിലായി ജിദ്ദ തുറമുഖത്തെത്തി. റാലിയുടെ 44ാമത് എഡിഷൻ ജനുവരി ഒന്നിന് ആരംഭിച്ച് രണ്ടാഴ്ച നീണ്ടുനിൽക്കും. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് ഏകദേശം 1,000 പേർ റാലിയിൽ പങ്കെടുക്കും. രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ലോകത്തെ ഏറ്റവും വലുതാണ് സൗദിയിൽ നടക്കാനിരിക്കുന്ന റാലി. റാലിയിൽ വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും 'ഡാക്കർ ക്ലാസിക്' വിഭാഗത്തിൽ 148 വാഹനങ്ങളും പങ്കെടുക്കും.
57 റേസിങ് കാറുകൾ, 27 ടി3 വാഹനങ്ങൾ, 39 ടി4 വാഹനങ്ങൾ, 150 മോട്ടോർ സൈക്കിളുകൾ, 127 ക്ലാസിക് കാറുകൾ, 53 ട്രക്കുകൾ, 20 ക്ലാസിക് ട്രക്കുകൾ, 478 യൂട്ടിലിറ്റി വാഹനങ്ങൾ, 64 മീഡിയ വാഹനങ്ങൾ, 89 മറ്റു വാഹനങ്ങൾ എന്നിവയാണ് വ്യത്യസ്ത വിഭാഗങ്ങളിലായി റാലിയിൽ പങ്കെടുക്കുക.
സൗദിയിൽനിന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ ലൈസൻസ് അനുവദിച്ചതിനാൽ ഡ്രൈവർമാരായ ഡാനിയ അഖീൽ, മഷായേൽ അൽ ഒബൈദാൻ എന്നീ രണ്ട് സൗദി റേസർമാരും ഇതാദ്യമായി ഡാക്കർ റാലിയിൽ പങ്കെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.