റിയാദ്: ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ സൗദിയിലെങ്ങും ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്കാരങ്ങളിൽ മേഖല ഗവർണർമാർ, ഡെപ്യൂട്ടി ഗവർണമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്വദേശികളും വിദേശികളുമായ ലക്ഷങ്ങൾ പെങ്കടുത്തു. തക്ബീർ ധ്വാനികൾ മുഴുക്കി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ അതിരാവിലെ ഈദുഗാഹുകളിലെത്തി സ്നേഹവും സൗഹാർദവും പങ്കുവെച്ചു. ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഉദാത്ത മാതൃകയായ ഇബ്രാഹിം നബിയുടെ പാത പിന്തുടരാൻ ഇമാമുമാർ പെരുന്നാൾ പ്രഭാഷണത്തിൽ വിശ്വാസികളെ ഉദ്ബോധിച്ചു. മക്കയിലേയും മദീനയിലേയും ഹറമുകളിൽ നടന്ന ഈദ് നമസ്കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു.
മസ്ജിദുൽ ഹറാമിൽ നടന്ന ഈദ് നമസ്കാരത്തിന് ഇരുഹറം മതകാര്യ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. തീവ്രവും പിഴച്ചതുമായ ചിന്താഗതികളിൽ നിന്ന് അകന്ന് കഴിയുക എന്നത് ഇസ്ലാം പ്രോത്സാഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലെന്നാണെന്ന് പെരുന്നാൾ പ്രഭാഷണത്തിൽ (ഖുതുബ) അൽസുദൈസ് പറഞ്ഞു. ആരാധനകളിൽ ശ്രദ്ധിക്കാൻ ഇസ്ലാം ഉണർത്തുന്നു. മിതത്വം പ്രോത്സാഹിപ്പിക്കാനും സുരക്ഷയും സ്ഥിരതയും ഐക്യവും സമാധാനവും നിലനിർത്താനും യുദ്ധങ്ങൾ, തർക്കങ്ങൾ, ദുരിതങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കാനും പ്രദേശത്തെയും ലോകത്തെയും വിനാശകരമായ പ്രത്യാഘാതങ്ങളിൽ സംരക്ഷിക്കാനും അത് ആവശ്യപ്പെടുന്നുവെന്നും അൽസുദൈസ് പറഞ്ഞു.
മതപരവും ദേശീയവുമായ ഐക്യം പാലിക്കുകയെന്നതും മഹത്തായ ഇസ്ലാമിക മൂല്യങ്ങളിൽ ഒന്നാണ്. ദൈവം എല്ലാ പ്രവാചകന്മാരെയും അയച്ചത് മതവും ഐക്യവും കൂട്ടായ്മയും സ്ഥാപിക്കാനും ഭിന്നിപ്പും വിയോജിപ്പും ഉപേക്ഷിക്കാനും വേണ്ടിയാണ്. ഈ കാര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് പ്രധാനമാണെന്നും അൽസുദൈസ് സൂചിപ്പിച്ചു. ഈ ദിവസം തീർഥാടകർക്കും മറ്റുള്ളവർക്കും ദൈവത്തോട് അടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് ത്യാഗം. ബലിമൃഗത്തെ അറുക്കുന്നതിലൂടെ തീർഥാടകരും ലോക മുസ്ലിംകളും ദൈവത്തോട് കൂടുതൽ അടുക്കുകയാണ്. പ്രവാചകന്മാരായ ഇബ്രാഹിമിന്റെയും മുഹമ്മദിന്‍റെയും പാത പിന്തുടരുകയാണ് ഇതിലൂടെയെന്നും അൽസുദൈസ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ഈ അനുഗ്രഹീതവുമായ ദിനത്തിൽ വിശ്വാസികളെ സന്തോഷത്തിന്റെയും പരിചയത്തിന്റെയും സ്നേഹത്തിന്‍റെയും സഹവാസത്തിന്റെയും ഇളംതെന്നലുകൾ തലോടുന്നു. എന്നാൽ ഫലസ്തീനിലെയും അൽഅഖ്‌സ മസ്ജിദിന് ചുറ്റുമുള്ള നമ്മുടെ അടിച്ചമർത്തപ്പെട്ട സഹോദരങ്ങളുടെയും പ്രിയപ്പെട്ടവരുടെയും പ്രയാസങ്ങളും ദുരന്തങ്ങളും മറക്കാൻ നമുക്ക് സാധിക്കുകയില്ല. ഉപരോധവും നാശവും നാടുകടത്തലും കൊലയും സ്വേച്ഛാധിപത്യവും അവർ അനുഭവിക്കുകയാണ്. ഈ ദിനത്തിൽ അവരെ ഓർക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അൽസുദൈസ് ഉദ്ബോധിപ്പിച്ചു.
മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാം ഡോ. ഖാലിദ് അൽ മുഹന്ന പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് ബിൻ ഫൈസൽ, മദീന നിവാസികളും സന്ദർശകരുമടക്കം ആയിരങ്ങൾ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുത്തു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടന്ന നമസ്കാരത്തിന് ഹയർ ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചിങ് സ്റ്റാഫ് അംഗം ശൈഖ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് നേതൃത്വം നൽകി. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അടക്കം വിശ്വാസികളുടെ വൻക്കൂട്ടം ഈദ് അൽ അദ്ഹ നമസ്കാരം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.