ഏതൊരു ആളെയുംപോലെ ജീവിതത്തിലെ ദുരിതങ്ങളും പ്രയാസങ്ങളും മാറാനായി പ്രവാസം തെരഞ്ഞെടുത്ത ആളാണ് ഞാനും. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പതിവായിരുന്നു. അന്യദേശത്ത് ജോലിചെയ്യുന്നതിെൻറയും കുടുംബത്തിനെയും കൂട്ടുകാരെയും നാടിനെയും പിരിഞ്ഞുകഴിയുന്നതിെൻറയും പ്രയാസം ജീവിതം കൂടുതൽ സങ്കടപൂർണമാക്കിത്തീർത്തു. എന്നിരുന്നാലും പ്രവാസം ഒരു അത്ഭുതമായി തോന്നിയത് മാഹിക്കാരനായ ഇർഷാദ് എന്ന സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴാണ്. ഇന്നും മനസ്സുനിറയെ നന്ദിയോടെയും കടപ്പാടോടെയുമല്ലാതെ ആ സുഹൃത്തിനെക്കുറിച്ചോർക്കാനാവില്ല.
2005ലാണ് ആദ്യമായി ഞാൻ സൗദി അറേബ്യയിലെത്തുന്നത്. റിയാദിലേക്കായിരുന്നു വരവ്. റിയാദിലെത്തി രണ്ടു മാസത്തോളം ജോലിയില്ലാതെ അലഞ്ഞുതിരിഞ്ഞ ഞാൻ, ദമ്മാമിലെ എെൻറ സ്നേഹിതനും അയൽവാസിയുമായ വ്യക്തിയെ വിളിച്ച് അദ്ദേഹത്തിെൻറ നിർദേശപ്രകാരം ജോലിക്കായി ദമ്മാമിലേക്ക് പോയി. ഒരു വർഷത്തോളം അവിടെ ജോലി ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ അവിടെയുള്ള ജോലി നഷ്ടപ്പെട്ടു. പലവിധത്തിലുള്ള ജോലി അന്വേഷിച്ചുനടന്നു. ഒരുപാട് ജോലികൾ ചെയ്തു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു അത്. വീട്ടിലെ കഷ്ടപ്പാടുകൾക്കും പ്രവാസത്തിലെ ദുരിതങ്ങൾക്കുമിടയിൽ എെൻറ ജീവിതമൊരു സങ്കടമായി. ചെറിയൊരു ജോലി കിട്ടിയത് ആശ്വാസമായി. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് റിയാദിലുള്ള എെൻറ കഫീൽ വിളിക്കുന്നതും തിരിച്ചുവരാൻ ആവശ്യപ്പെടുന്നതും.
കഫീൽ റിയാദിലും ഞാൻ ദമ്മാമിലും ആയാൽ ശരിയാവില്ല എന്നും റിലീസ് മാറണമെന്നും ആവശ്യപ്പട്ടു. എന്നാൽ അത് വളരെ പ്രയാസമായിരുന്നു. ഒടുവിൽ ഒരു സൂപ്പർമാർക്കറ്റിൽ ആളെ എടുക്കുന്നുണ്ടെന്ന് സുഹൃത്തിൽനിന്നുള്ള വിവരപ്രകാരം ഞാൻ അവിടെ എത്തി. മാനേജരെ കണ്ടു. നൈറ്റ് ഡ്യൂട്ടി ചെയ്യാൻ തയാറാണെങ്കിൽ സ്പോൺസർഷിപ് എടുക്കാമെന്ന് അവർ അറിയിച്ചു. അതെനിക്ക് സമ്മതമായിരുന്നു. ഞാൻ വളരെ സന്തോഷത്തോടെ എെൻറ കഫീലിനെ വിളിച്ചു. എന്നാൽ 3,000 റിയാൽ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രൂപ പോലും കൈവശം ഇല്ലാതിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അത് പ്രയാസമേറിയതായിരുന്നു. എന്നാൽ അവിടെയും സൗഹൃദങ്ങൾ തുണയായി.100ഉം 200ഉം ആയി പലരും സഹായിച്ചു. ഒടുവിൽ 750 റിയാലിെൻറ കുറവ് വന്നു. ഇനി ചോദിക്കാൻ ആരുംതന്നെ ബാക്കിയില്ലായിരുന്നു.
അത്രമേൽ ഞാൻ അനേഷിച്ചുകഴിഞ്ഞിരുന്നു. ദമ്മാമിൽ 'തനിമ'എന്ന കൂട്ടായ്മയുടെ നോമ്പുതുറയിൽ വെച്ച് ഇർഷാദിനെ കണ്ടുമുട്ടാനിടയായത് അനുഗ്രഹമായി. വളരെയധികം മടിയോടു കൂടിയാണ് ഞാൻ അദ്ദേഹത്തോട് എെൻറ ആവശ്യം അറിയിച്ചത്. എന്നാൽ ഒട്ടും മടികൂടാതെ അദ്ദേഹം എനിക്ക് 750 റിയാൽ തന്നു. പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി. സൂപ്പർമാർക്കറ്റിലെ ജോലിത്തിരക്കിനിടയിൽ അദ്ദേഹത്തിെൻറ പണം തിരിച്ചുകൊടുക്കാൻ യഥാസമയം കഴിയാതെപോയി. മറ്റു കടങ്ങൾ എല്ലാം വീട്ടി. ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടു. അങ്ങനെ നാലു വർഷത്തിനുശേഷം വീണ്ടും 'തനിമ'യുടെ സമൂഹ നോമ്പുതുറക്ക് എത്തിപ്പെട്ടു. ഇടക്കിടെ ഇർഷാദിനെയും അദ്ദേഹം പണംതന്ന് സഹായിച്ചതിനെക്കുറിച്ചും ഓർക്കാറുണ്ടായിരുന്നെങ്കിലും തിരിച്ചുകൊടുക്കാൻ ഒരു സാഹചര്യം ഒത്തുവന്നിരുന്നില്ല. അദ്ദേഹമാകെട്ട ഒരിക്കൽ പോലും ആ പണം ചോദിച്ചുമില്ല. നോമ്പുതുറയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു.
നാലുവർഷം മുമ്പത്തെ ആ വലിയ കടം ഞാൻ വീട്ടുകയും ചെയ്തു. പണം മടക്കിക്കൊടുത്തപ്പോൾ എന്നാൽ ഞെട്ടിക്കുന്ന അനുഭവമാണുണ്ടായത്. എനിക്കങ്ങനെ പണം തന്നതോ ഞാൻ അദ്ദേഹത്തോട് കടക്കാരനായതോ അദ്ദേഹത്തിെൻറ ഓർമയിലില്ലായിരുന്നു. പണം തന്ന സാഹചര്യത്തെപ്പറ്റി ഓർമിപ്പിക്കുകയും നിർബന്ധിച്ച് തിരിച്ചേൽപിക്കുകയും ചെയ്യേണ്ടിവന്നു. എന്നാൽ വളരെ മനഃപ്രയാസത്തോടെയാണ് അദ്ദേഹം ആ പണം വാങ്ങാൻ തയാറായത്. ഞാൻ അതിനായി കുറെ നിർബന്ധിക്കേണ്ടിവന്നു. എെൻറ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിലാണ് അദ്ദേഹത്തിെൻറ ആ സഹായമുണ്ടായത്.
ആ പണം അന്ന് കിട്ടിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ, എെൻറ പ്രവാസം ഇങ്ങനെ രക്ഷപ്പെടണമെന്നില്ലായിരുന്നു. അത്രയധികം കടപ്പാടാണ് എനിക്കദ്ദേഹത്തോടുള്ളത്. പ്രതിസന്ധിയിൽ താങ്ങായ സുഹൃത്താണ്. ഇതുപോലെ ജീവിതത്തിൽ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. പ്രാർഥനയോടെ അല്ലാതെ ഇർഷാദ് എന്ന സുഹൃത്തിനെ ഓർക്കാൻ എനിക്ക് സാധിക്കാറില്ല.
അനുഭവമെഴുതൂ,സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ. ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക. 100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.