ഖുർആൻ അവഹേളനം: നടപടി കൈക്കൊള്ളണമെന്ന് സ്വീഡനോട് സൗദി വിദേശകാര്യ മന്ത്രി

റിയാദ്: ഖുർആനെ അവഹേളിക്കാൻ ആവർത്തിച്ച് നടക്കുന്ന ശ്രമങ്ങളിൽ പ്രതിഷേധം പ്രകടിപ്പിച്ച സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ സ്വീഡിഷ് വിദേശകാര്യമന്ത്രി ടോബിയാസ് ബിൽസ്ട്രോമിനോട് ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. വിശുദ്ധ ഗ്രന്ഥം കത്തിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് വിദ്വേഷം വർധിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിൽ സംഭാഷണത്തിനും ആശയ സംവാദത്തിനുമുള്ള ശ്രമങ്ങൾ പരിമിതപ്പെടുത്തുന്നതിനും കാരണമായെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ ചൂണ്ടിക്കാട്ടി. അതേസമയം തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സ്വീഡിഷ് നേതൃത്വത്തോട് ആഭ്യർഥിച്ചു.

ഖുർആ​െൻറ പകർപ്പുകൾ കത്തിക്കാനുള്ള ശ്രമങ്ങളെ അപലപിച്ച സ്വീഡിഷ് വിദേശകാര്യ മന്ത്രി മതങ്ങളെയും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെയും വ്രണപ്പെടുത്തുന്ന എല്ലാ പ്രവൃത്തികളും തടയാൻ ത​െൻറ രാജ്യം ശ്രമിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സ്വീഡിഷ് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ ചിലർ ദുരുപയോഗം ചെയ്യുന്നതിൽ അദ്ദേഹം അഗാധമായ ഖേദം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ എംബസികൾക്കും സ്വീഡനിലെയും ഡെൻമാർക്കിലെയും പള്ളികൾക്കും പുറത്ത് തീവ്രവാദികൾ ഖുർആ​െൻറ പകർപ്പുകൾ കത്തിക്കുകയും ഇത് ആവർത്തിക്കുകയും ചെയ്യുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്വേഷ ഗ്രൂപ്പുകളുടെ സമീപകാല നടപടികളെ ശക്തമായി അപലപിച്ച് ഒരാഴ്ച മുമ്പ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. പിന്നാലെ സൗദിയിലെ ഡെന്മാർക്ക് സ്ഥാനപതിയെ വിളിച്ചുവരുത്തിയ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് നേരിട്ട് കൈമാറുകയും ചെയ്തു.


സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

Tags:    
News Summary - Saudi Foreign Minister Urges Sweden to Address Quran Desecration Incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.