ജിദ്ദ: സൗദി സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തിൽ ചൊവ്വാഴ്ച മുതൽ വിവിധ പരിപാടികൾ അരങ്ങേറും. 'ഞങ്ങളുടെ പ്രതാപ ദിനം'എന്ന ആപ്തവാക്യവുമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികൾക്ക് ജിദ്ദ മുനിസിപ്പാലിറ്റി അംഗീകാരം നൽകി.
പ്രധാന റോഡുകൾ, ചത്വരങ്ങൾ, കെട്ടിടങ്ങൾ, ഗേറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ സൗദി പതാകകൾ, അലങ്കാരവിളക്കുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വിവിധ മത്സരങ്ങൾ, പരമ്പരാഗത കലകളുടെ പ്രദർശനം, വലിയ സ്ക്രീനുകളിൽ അഭിനന്ദനങ്ങളും മുദ്രാവാക്യങ്ങളും പ്രചരിപ്പിക്കൽ, പരസ്യബോർഡുകൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ സ്ഥാപകദിനത്തോടനുബന്ധിച്ചു ജിദ്ദയിൽ ഒരുക്കിയതായി കമ്യൂണിറ്റി സർവിസ് ഡയറക്ടർ ജനറൽ മാജിദ് അൽ സലമി വിശദീകരിച്ചു.
അബ്രാഖ് അൽ റഗാമയിലെ കിങ് അബ്ദുൽ അസീസ് കൾചറൽ സെന്റർ സൗദി പരമ്പരാഗത കലാപ്രകടനങ്ങൾക്ക് സാക്ഷ്യംവഹിക്കും.
പരിപാടിയിൽ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ അരങ്ങേറും. അൽസരിയ സ്ക്വയറിൽ പ്ലാസ്റ്റിക് കലയുടെ ചുവർചിത്രങ്ങൾ അവതരിപ്പിക്കുമെന്നും അൽ സലാമി പറഞ്ഞു.
നഗരസഭ കെട്ടിടം, ജിദ്ദയുടെ കവാടങ്ങൾ, കിങ് അബ്ദുൽ അസീസ് സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിൽ വലിയ സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഗ്ലോബ്, വിളക്കുകാലുകൾ, കടൽകാക്ക എന്നീ സ്തൂപങ്ങളിൽ അടക്കം പ്രധാന റോഡുകളിലും തെരുവുകളിലും പ്രകാശവിളക്കുകൾ, സ്ഥാപകദിന അഭിനന്ദനങ്ങൾ പ്രചരിപ്പിച്ചുള്ള പരസ്യബോർഡുകൾ എന്നിവ സ്ഥാപിച്ചതായും മാജിദ് അൽസലമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.