റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കി സാംസ്കാരിക മന്ത്രാലയം. ബുധനാഴ്ച ആരംഭിച്ച പരിപാടികൾ തിങ്കളാഴ്ചവരെ രാജ്യത്തുടനീളം സാംസ്കാരികവും ചരിത്രപരവുമായ ആഘോഷ നിറവ് തീർക്കും. ‘സ്ഥാപക രാവുകൾ’ എന്ന പേരിൽ ചരിത്രവും പൈതൃകവും തനത് കലയും പരിചയപ്പെടുത്തും. വ്യാഴാഴ്ച വരെ റിയാദ് ബൊളിവാർഡ് സിറ്റിയിലെ അബൂബക്കർ സാലിം വേദി സംഗീതകച്ചേരിക്കും കവിയരങ്ങിനും വേദിയാകും. പുരാതന അറേബ്യ പുനർജനിക്കുന്ന ഗൃഹാതുരമായ യാത്രക്കും ബോളിവാർഡ് വേദിയാകും.
‘സിംഫണി ഓഫ് ദി ബിഗിനിങ്’ എന്ന ശീർഷകത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ബോളിവാർഡിൽ പരമ്പരാഗത സൗദി വാദ്യോപകരണങ്ങളെ സമകാലികവുമായി സമന്വയിപ്പിക്കുന്ന പ്രത്യേക ഓർക്കസ്ട്ര പ്രകടനം അരങ്ങേറും. സൗദി കലാകാരന്മാരുടെ സംഗീതവിരുന്നിലൂടെ രാഷ്ട്രത്തിെൻറ സ്ഥാപന ചരിത്രം ഇതൾ വിടർത്തും. സൗദിയിലെ പ്രമുഖ കവികളും സംഗീതസംവിധായകരും നേതൃത്വം നൽകുന്ന ദേശീയ സംഗീത ബാൻഡും അവതരിപ്പിക്കും. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ അരങ്ങേറുന്ന ‘ചരിത്രത്തിെൻറ പാത’ പ്രതീതിയനുഭവ പരിപാടിയിൽ, 1727ൽ സൗദി സംസ്ഥാനത്തിെൻറ തുടക്കം മുതൽ ഇന്നുവരെയുള്ള പരിണാമം 19 രംഗങ്ങളിലൂടെ വിവരിക്കും. മൂന്ന് വ്യത്യസ്ത മേഖലയിലുള്ള പ്രദർശനം ദ ഗാതറിങ്, ദി ജേർണി, ദി സെലിബ്രേഷൻ (സാംസ്കാരിക പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, സംവേദനാത്മക ഇൻസ്റ്റലേഷനുകൾ’ എന്നിവയിലൂടെ രാജ്യത്തിെൻറ ചരിത്രത്തിൽ മുഴുകാൻ രൂപകൽപന ചെയ്തതാണ്.
വ്യാഴം മുതൽ ശനി വരെ 14 വേദികളിൽ ‘സ്ഥാപക ഗ്രാമം’ എന്ന ശീർഷകത്തിൽ സാംസ്കാരിക പൈതൃകത്തെ ഓർമിപ്പിക്കുന്ന ആഴത്തിലുള്ള അനുഭവങ്ങളിലൂടെ രാജ്യത്തിെൻറ ചരിത്രവിവരണങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന പരിപാടികൾ നടക്കും. പരമ്പരാഗത കരകൗശലങ്ങൾ, സാംസ്കാരിക കഥകൾ, കുട്ടികളുടെ സംവേദനാത്മക മേഖലകൾ, ഡിജിറ്റൽ നവീകരണങ്ങൾ, കുടുംബവിനോദം, ആധികാരിക സൗദി പാചകാസ്വാദനം, പൈതൃകവും വാമൊഴി പാരമ്പര്യവും തുടങ്ങി വ്യത്യസ്ത പരിപാടികളിലായി 300 വർഷത്തെ ചരിത്രത്തിലൂടെ സന്ദർശകരെ കൊണ്ടുപോകും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയായത് കൊണ്ട് സംഘടനകളും കുടുംബ, നാട്ടുകൂട്ടായ്മകളും ചരിത്ര യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഈ വാരാന്ത്യത്തിൽ അവസാന ദിവസമായതിനാൽ തൊഴിലിടങ്ങളിലും ഓഫിസുകളിലും ബുധനാഴ്ച തന്നെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സഹപ്രവർത്തകരുമായി കേക്ക് മുറിച്ചും മധുരം പങ്കിട്ടും നടത്തുന്ന പരിപാടികളിൽ കലാകാരന്മാരെത്തി പാട്ടു പാടിയും കവിത ചൊല്ലിയും ആഘോഷമാക്കുന്നുണ്ട്. നഗരത്തിലെ കോഫി ഷോപ്പുകളിലും റെസ്റ്റാറൻറുകളിലും പാർക്കുകളിലും തുടങ്ങി സജീവ മേഖലകളിലും കലയും പൈതൃകവും സമന്വയിപ്പിച്ചുള്ള സ്ഥാപകദിന അടയാളങ്ങളും പരിപാടികളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.