മൂന്നാം റൗണ്ട് മത്സരത്തിന് മുന്നോടിയായി തിങ്കളാഴ്ച സിലൈൻ റിസോർട്ട് സ്റ്റേഡിയത്തിൽ പരിശീലനം പുനഃരാരംഭിച്ച സൗദി ദേശീയ ടീം, കോച്ച് ഹെർവ് റെനാർഡിനും സൗദി ഫുട്‌ബാൾ ഫെഡറേഷൻ അംഗങ്ങൾക്കുമൊപ്പം

മെക്സിക്കോയെ നേരിടാൻ തയാറെടുത്ത് സൗദി ഗ്രീൻ ഫാൽക്കൻസ്

റിയാദ്: സൗദി ദേശീയ ടീമായ 'ഗ്രീൻ ഫാൽക്കൻസ്' ലോകകപ്പ് ഗ്രൂപ്പ് സി മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ ബുധനാഴ്ച രാത്രി പ്രാദേശിക സമയം 10-ന് ലുസൈൽ സ്റ്റേഡിയത്തിൽ മെക്സിക്കോയെ നേരിടും. പ്രീ ക്വാർട്ടർ സാധ്യത തെളിഞ്ഞുനിൽക്കെ എതിരാളിയെ നേരിടാൻ സൗദി ടീം ദോഹ സീലൈൻ റിസോർട്ട് സ്റ്റേഡിയത്തിൽ പ്രധാന പരിശീലകൻ ഹെർവ് റെനാർഡിന് കീഴിൽ തിങ്കളാഴ്ച വൈകീട്ട് പരിശീലനം പുനഃരാരംഭിച്ചു. വിവിധ തരം വ്യായാമങ്ങളോടെയാണ് പരിശീലനം മുന്നേറുന്നത്.

മെക്‌സിക്കോയ്‌ക്കെതിരെ വിജയം നേടിയാൽ ഗ്രീൻ ഫാൽക്കൻസിന് ഈ ലോകകപ്പിൽ 16-ാം റൗണ്ടിലെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും. അങ്ങനെയെങ്കിൽ 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിക്ക് ലഭിക്കുന്ന അവസരമാകും അത്. 1994-ൽ ഗ്രീൻ ഫാൽക്കൻസ് മൊറോക്കോയെയും ബെൽജിയത്തെയും പരാജയപ്പെടുത്തി നോക്കൗട്ട് ഘട്ടത്തിലെത്തിയിരുന്നു. ഈ പോരാട്ടത്തിൽ വിജയിച്ചാൽ സൗദി ടീമിന്റെ പോയന്റ് ആറായി ഉയരും. മെക്സിക്കൻ ദേശീയ ടീം ഇപ്പോഴുള്ള ഒരൊറ്റ പോയന്റിൽ തന്നെ നിൽക്കും. ആദ്യ റൗണ്ടിൽ പോളണ്ടിനോട് സമനില വഴങ്ങുന്നതിന് മുമ്പ് ശനിയാഴ്ച മെക്സിക്കോ അർജന്റീനയോട് 2-0 ന് തോറ്റിരുന്നു.

ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ സൗദി ടീം പോളണ്ടിനോട് അടിയറവ് പറഞ്ഞതും 2-0 ഗോൾ നിലയിലായിരുന്നു. ലോകകപ്പിന്റെ മൂന്നാം റൗണ്ടിലാണ് ബുധനാഴ്ച മെക്സിക്കൻ എതിരാളിയെ ഗ്രീൻ ഫാൽക്കൻസ് നേരിടുന്നത്.

അർജന്റീനയ്‌ക്കെതിരായ തകർപ്പൻ വിജയത്തോടെ മൂന്ന് പോയന്റ് നേടിയ സൗദി ടീം രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റ് നേടിയ പോളണ്ട് ഗ്രൂപ്പിലെ ടോപ്പറായി ഉയർന്നിരുന്നു. അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളിൽനിന്ന് മൂന്ന് പോയന്റും മെക്സിക്കോയ്ക്ക് രണ്ട് മത്സരങ്ങളിൽനിന്ന് ഒരു പോയന്റും മാത്രമേ നേടാനായിട്ടുള്ളൂ. മെക്സിക്കോയുമായുള്ള സമനില പോലും സൗദി ടീമിന്റെ പോയന്റ് നാലായി ഉയർത്തും. സമനിലയെങ്കിൽ മെക്സിക്കോയുടെ ബാലൻസ് രണ്ട് പോയിന്റായി ഉയരുകയും ചെയ്യും. ഇനി മെക്‌സിക്കോ ജയിച്ചാൽ അവരുടെ പോയന്റ് നില നാലായി ഉയരുകയും സൗദി ടീമിന്റെ സാധ്യതകൾ ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ട് തന്നെ മെക്സിക്കോയുമായുള്ള പോരാട്ടം ഗ്രീൻ ഫാൽക്കൻസിന് നിർണായകമാണ്.

അതിനിടെ, കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനോട് തോറ്റെങ്കിലും ടീമിന്റെ പോരാട്ട വീര്യം ഉയർത്തുന്ന പ്രതികരണങ്ങളാണ് പരിശീലകനായ റെനാർഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫിഫ ലോകകപ്പ് മത്സരത്തിൽ അവസാന സെക്കൻഡ് വരെ പോരാടാനുള്ള വീര്യം ഗ്രീൻ ഫാൽക്കൻസിനുണ്ടെന്ന് അദ്ദേഹം ഞായറാഴ്ച ദോഹയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ഞങ്ങൾ മത്സരം പൂർത്തിയാക്കിയിട്ടില്ല; അത് മറക്കരുത്' എന്നാണ് ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. 'ഞാൻ വെറുതെ പുഞ്ചിരിക്കുകയല്ല. എന്റെ ടീമിനെക്കുറിച്ചും ഞങ്ങൾ നേടിയതിനെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.

സൗദി അറേബ്യ, പോളണ്ടുമായി ശക്തമായ മത്സരം നടത്തിയെങ്കിലും മികച്ച അവസരങ്ങൾ മുതലാക്കാത്തതാണ് കഴിഞ്ഞ കളിയിൽ നഷ്ടമായി ഭവിച്ചത്. ആദ്യപകുതിക്ക് മുമ്പ് സാലിഹ് അൽദോസരിയുടെ പെനാൽറ്റി കിക്ക് നഷ്‌ടപ്പെട്ടതും ദോഷം ചെയ്തു. 'തോൽവിക്ക് ശേഷം ഞാൻ വെറുതെ പുഞ്ചിരിക്കുകയല്ല. എന്റെ ടീമിനെക്കുറിച്ചും ഞങ്ങൾ നേടിയതിനെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു' -കോച്ച് പറഞ്ഞു.

ക്യാപ്റ്റൻ സൽമാൻ അൽ-ഫറജ്, ഡിഫൻഡർമാരായ യാസർ അൽ-ശഹ്‌റാനി, റിയാദ് ഷറാഹിലി, പരിക്കേറ്റ് പിന്മാറേണ്ടി വന്ന അബ്ദുല്ല അൽ-മാലിക്കി തുടങ്ങിയ പ്രമുഖ താരങ്ങൾ മെക്സികോക്ക് എതിരെ കളത്തിലിറങ്ങില്ല. മുഹമ്മദ് കാനൂ ശാരീരിക ക്ഷമത പരിശീലകന്റെ മേൽനോട്ടത്തിലും മുഹമ്മദ് അൽ-ബറാക്ക് മെഡിക്കൽ സ്റ്റാഫിന്റെ മേൽനോട്ടത്തിലുമാണ് വ്യായാമ മുറകൾ പരിശീലിക്കുന്നത്.

മത്സരത്തിന് മുമ്പായി പ്രധാന പരിശീലകൻ ഹെർവ് റെനാർഡ് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ മാധ്യമങ്ങളെ കാണും.

Tags:    
News Summary - Saudi Green Falcons ready to face Mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.