റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള തീരുമാനത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും നിരവധി ലോകനേതാക്കളും വിവിധ വിദേശ മന്ത്രാലയങ്ങളും സ്വാഗതം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് ചൈനക്ക് സെക്രട്ടറി ജനറലിന്റെ നന്ദി അറിയിക്കുന്നതായി യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് പ്രസ്താവിച്ചു. ഇക്കാര്യത്തിൽ മുൻകൈയെടുത്ത മറ്റു രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഒമാന്റെയും ഇറാഖിന്റെയും ശ്രമങ്ങളെയും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ പ്രകീർത്തിച്ചു. ഗൾഫ് മേഖലയുടെ സുസ്ഥിരതക്ക് സൗദി അറേബ്യയും ഇറാനും തമ്മിൽ നല്ല അയൽപക്ക ബന്ധം ആവശ്യമാണെന്നും യു.എൻ വക്താവ് വ്യക്തമാക്കി. നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതുമായി സംയുക്ത ത്രികക്ഷി പ്രസ്താവനയെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ സഹകരണ കരാർ സജീവമാക്കുന്നതിന് കരാർ ഉപകരിക്കും.
സംയുക്ത പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിൽ ജി.സി.സിയുടെ ഉറച്ച പിന്തുണ സെക്രട്ടറി ജനറൽ വാഗ്ദാനം ചെയ്തു. മേഖലയുടെ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിനും അതിലെ ജനങ്ങളുടെ സുസ്ഥിരതക്കും സമൃദ്ധിക്കും സഹായകമാകുന്ന എല്ലാ നടപടികളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സൗദി-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ത്രികക്ഷി പ്രഖ്യാപനത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. കരാർ ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരതയെ പ്രോത്സാഹിപ്പിക്കുമെന്നും സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ പ്രത്യാശ പ്രകടിപ്പിച്ചു.
കൈറോയിൽ സമ്മേളിച്ച അറബ് പാർലമെന്റ് ത്രികക്ഷി പ്രഖ്യാപനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊലോണ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇതര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാനും പരമാധികാരം സംരക്ഷിക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്ന് ജോർഡൻ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഫലസ്തീൻ, തുർക്കിയ, തുനീഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളും പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. ചൈന ഇക്കാര്യത്തിൽ വഹിച്ച മധ്യസ്ഥതയെ മിക്ക രാജ്യങ്ങളും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.