സൗദി മലയാളി സമാജം 'പ്രവാസ മുദ്ര' പുരസ്​കാരം എം. മുകുന്ദന്​

ദമ്മാം: സൗദി മലയാളി സമാജം ഏർപ്പെടുത്തിയ ഈ വർഷത്തെ 'പ്രവാസ മുദ്രാ പുരസ്​കാരം'​ പ്രശസ്​ത എഴുത്തുകാരൻ എം. മുകുന്ദന്​. അരലക്ഷം രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ്​ പുരസ്കാരം​. ഇതോടൊപ്പം ​ഏർപ്പെടുത്തിയ 'പ്രവാസി പ്രതിഭാ' പുരസ്​കാരത്തിന്​ പ്രവാസ മധ്യമ പ്രവർത്തകനും സിനിമാ സംവിധായകനും എഴുത്തുകാരനുമായ ഇ.എം. അഷറഫും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി ചെയർമാനായ ജൂറിയാണ്​​ ഇരുവരെയും അവാർഡുകൾക്ക്​ നിർദേശിച്ചതെന്ന്​ സമാജം പ്രവർത്തകർ അറിയിച്ചു.

നവംബർ 17-ന്​ ദമ്മാമിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. നാടുവിട്ടുപോയവന്റെ സ്വപ്​നങ്ങളും വിരഹങ്ങളും കഥകളിൽ സന്നിവേശിപ്പിച്ച എഴുത്തുകാരനാണ്​ എം. മുകുന്ദൻ. മലയാള വായനക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന നോവലുകളും ചെറുകഥകളും സഹിതം 60-ഓളം പുസ്​തകങ്ങൾ മലയാള സാഹിത്യത്തിൽ മുതൽക്കൂട്ടിയ എം. മുകുന്ദന്റെ എഴുത്തിന്റെ 60-ാം വർഷം ആഘോഷിക്കുകയാണ്​ മലയാള സഹിത്യലോകം. ഈ അവസരത്തിലാണ്​ അദ്ദേഹത്തിന്​ പ്രവാസ മുദ്രാ പുരസ്​കാരം നൽകാൻ തീരുമാനിച്ചതെന്ന് സമാജം ഭാരവാഹികൾ പറഞ്ഞു​.

പുരസ്കാരം സ്വീകരിക്കാനായി അദ്ദേഹം ആദ്യമായി സൗദിയിലെത്തും. മുകുന്ദ​ന്റെ കൃതികൾ ഫ്രഞ്ച്​ ഉൾപ്പടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്​. എഴുത്തച്ഛൻ പുരസ്​കാരം, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പടെ നിരവധി അംഗീകരങ്ങൾ തേടിയെത്തിയിട്ടുണ്ട്​. പ്രവാസത്തിൽ നിന്നുകൊണ്ട്​ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണ്​ ഇ.എം. അഷറഫിന്​ പ്രവാസി പ്രതിഭാ പുരസ്​കാരം നൽകാൻ തീരുമാനിച്ചത്​. സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, ജീവചരിത്രകാരൻ, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ്​ തെളിയിച്ചിട്ടുണ്ട്. ഗൾഫ്​ ജീവിതത്തിന്റെ നേർപതിപ്പുകൾ നിറഞ്ഞ ഉരു സിനിമയുടെ കഥയും സംവിധാനവുമാണ്​ അഷറഫിനെ പ്രധാനമായും അവാർഡിന്​ അർഹനാക്കിയത്​.

വൈക്കം മുഹമ്മദ് ബഷീർ, സ്വാമി ആനന്ദ തീർത്ഥർ, സുകുമാർ അഴിക്കോട് എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതി. ബഷീർ ജീവചരിത്രം തമിഴ്, അറബ് ഭാഷകളിൽ പരിഭാഷ വന്നിരുന്നു. ലോക പ്രശസ്ത ചിത്രകാരൻ എം.എഫ്. ഹുസൈനുമായുള്ള അഭിമുഖം 'ഞാൻ എന്നും ഹിന്ദുസ്ഥാനി' എന്ന പേരിൽ ഡി.സി. ബുക്‌സും 'ബയേർ ഫുട് പെയിന്റർ' എന്ന പേരിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷിലും 'ഹുസൈൻ' എന്ന പേരിൽ ഷാർജ ഗവണ്മെന്റ് അറബിയിലും പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിന്​ ഷാർജ ഗവണ്മെന്റിന്റെ മികച്ച അറബ് ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.

കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ, ഹരീന്ദ്രനാഥ്, സുകുമാർ കക്കാട്​, സംവിധായകൻ സലീം അഹമ്മദ്​ എന്നിവർ മുൻകാലങ്ങളിൽ മലയാളീ സമാജം പുരസ്കാരങ്ങൾക്ക് അർഹരായി സൗദിയിൽ എത്തിയിട്ടുണ്ട്​. ഇപ്പോൾ എം. മുകുന്ദനെപ്പോലൊരു എഴുത്തുകാരനെ ആദരിക്കാൻ കഴിയുന്നത്​ മികച്ച സാഹിത്യ പ്രവർത്തനമായാണ്​ കാണുന്നതെന്ന്​ ഭാരവാഹികളായ മാലിക്​ മഖ്​ബൂൽ, സാജിദ്​ ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, ഷനീബ്​ അബൂബക്കർ എന്നിവർ പറഞ്ഞു.

Tags:    
News Summary - Saudi Malayalee Samajam 'Pravasa Mudra' Award for M. Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.