ജിദ്ദ: സായുധ തീവ്രവാദസംഘങ്ങളുടെ സാന്നിധ്യം അവസാനിപ്പിച്ച് സിറിയയുടെ പരമാധികാരം സംരക്ഷിക്കേണ്ടതുണ്ടെന്ന് ഗൾഫ്, അറബ് വിദേശകാര്യ മന്ത്രിമാർ. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം തേടി ജിദ്ദയിൽ സൗദി വിദേശാര്യ മന്ത്രിയുടെ ആതിഥേയത്വത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന മന്ത്രിമാരുടെ യോഗമാണ് ഇതാവശ്യപ്പെട്ടത്. ജി.സി.സി രാജ്യങ്ങളുടെയും ഈജിപ്ത്, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക കൂടിയാലോചന യോഗമാണ് ചേർന്നത്. യോഗാനന്തരം സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സിറിയയുടെ ഐക്യത്തിനായും മന്ത്രിമാരുടെ ആഹ്വാനമുണ്ടായെന്നും വ്യക്തമാക്കി. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം മാത്രമേയുള്ളൂവെന്ന് മന്ത്രിമാർ പറഞ്ഞു. സിറിയയുടെ ഐക്യത്തിനും അറബ് ചുറ്റുപാടുകളിലേക്കുള്ള അതിന്റെ തിരിച്ചുവരവിനും യോഗം ആഹ്വാനം ചെയ്തു. തീവ്രവാദത്തിനും മയക്കുമരുന്ന് കടത്തിനും എതിരെ പോരാടേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു.
സിറിയൻ പ്രതിസന്ധിയുടെ എല്ലാ പ്രത്യാഘാതങ്ങളും അവസാനിപ്പിക്കുക, സിറിയയുടെ ഐക്യവും സുരക്ഷയും സ്ഥിരതയും അറബ് അസ്ഥിത്വവും സംരക്ഷിക്കുക, അറബ് ചുറ്റുപാടുകളിലേക്ക് അതിനെ തിരികെ കൊണ്ടുവരികയും ചെയ്യുക എന്നിവയിലേക്ക് എത്തിച്ചേരാനാവശ്യമായ കാര്യങ്ങൾ മന്ത്രിമാർ കൂടിയാലോചിക്കുകയും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. മാനുഷിക പ്രതിസന്ധി പരിഹരിക്കുക, സിറിയയിലെ എല്ലാ പ്രദേശങ്ങളിലേക്കും സഹായത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക, സിറിയൻ അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും അവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അവരുടെ ദുരിതങ്ങൾ അവസാനിപ്പിച്ച് സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അവരെ പ്രാപ്തരാക്കുക, മുഴുവൻ പ്രദേശത്തെയും സ്ഥിതി സുസ്ഥിരമാക്കാൻ സഹായിക്കുന്ന കൂടുതൽ നടപടികൾ കൈക്കൊള്ളുക എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിമാർ ധാരണയായി.
സിറിയൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ അറബ് നേതൃപരമായ പങ്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കുക, ഈ ശ്രമങ്ങളുടെ വിജയം ഉറപ്പാക്കാൻ അറബ് രാജ്യങ്ങൾക്കിടയിൽ കൂടിയാലോചനകൾ ശക്തമാക്കുക എന്നിവയുടെ പ്രധാന്യവും മന്ത്രിമാർ പറഞ്ഞു. കൂടാതെ മേഖലയിലെ നിരവധി വിഷയങ്ങളെയും വികസനങ്ങളെയും കുറിച്ച അഭിപ്രായങ്ങൾ യോഗത്തിൽ കൈമാറി. ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കം വയ്ക്കുന്ന നിയമവിരുദ്ധമായ ഇസ്രായേലി നടപടികളെ യോഗം അപലപിച്ചു.
ഖുദ്സിനും അൽഅഖ്‌സ പള്ളിക്കുമെതിരായ ഇസ്രായേൽ ആക്രമണങ്ങളെയും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്നതിനെയും യോഗം അപലപിച്ചു. വിശുദ്ധ സ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ അവസ്ഥയെ മാനിക്കേണ്ടതുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു. അൽഅഖ്‌സ പള്ളി മുസ്‌ലിംകളുടെ വിശുദ്ധമായ ആരാധനാലയമാണെന്നും അവർ ഏകസ്വരത്തിൽ വ്യക്തമാക്കി. സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈ കൂടിയാലോചന യോഗം വിളിച്ച സൗദി അറേബ്യക്ക് മന്ത്രിമാർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.