ദമ്മാം: ആരോഗ്യ ബോധവത്കരണ സൃഷ്ടികൾക്ക് സൗദി ആരോഗ്യ മന്ത്രാലയവും നാഷനൽ ഹെൽത്ത് ഇൻഷുറൻസ് കൗൺസിലും സംയുക്തമായി നൽകുന്ന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം റിയാലിന്റെ സമ്മാനങ്ങളാണ് നൽകുന്നത്.
'അറബികൾ ബോധവത്കരണങ്ങൾ ഏറ്റെടുക്കുന്നു' എന്ന മുദ്രാവാക്യത്തിനു കീഴിൽ ഷോർട്ട് ഫിലിമുകൾ, മോഷൻ ഗ്രാഫിക്സ്, ഇൻഫോഗ്രാഫിക്സ്, ഫോട്ടോഗ്രഫി, അസാധാരണ ക്രിയാത്മക ആശയങ്ങൾ എന്നിവയുൾപ്പെടെ അഞ്ചു വിഭാഗങ്ങളാണ് പരിഗണിക്കുക.
https://waaiaward.com എന്ന വെബ്സൈറ്റ് വഴി അവാർഡിന് അപേക്ഷിക്കാം. ഏപ്രിൽ ഒമ്പതാണ് അവസാന കാലാവധി. സ്വന്തം സൃഷ്ടികൾ മാത്രമേ സ്വീകരിക്കൂ. ഒരാൾക്ക് ഏതു വിഭാഗത്തിൽ വേണമെങ്കിലും പങ്കെടുക്കാം. 30,000 അപേക്ഷകൾ ലഭിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേയ് മാസത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. സ്പെഷലിസ്റ്റുകളും മെഡിക്കൽ വിദഗ്ധരും അടങ്ങുന്ന പ്രത്യേക സംഘമാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കുന്ന, അല്ലെങ്കിൽ രോഗത്തെക്കുറിച്ച് വിവരിക്കുന്ന രണ്ടു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള ഹ്രസ്വ അവബോധ ചിത്രങ്ങളാണ് ഷോർട്ട് ഫിലിം വിഭാഗത്തിൽ പരിഗണിക്കുക.
ഫോട്ടോഗ്രഫി വിഭാഗത്തിൽ ആരോഗ്യ ബോധവത്കരണ സന്ദേശങ്ങൾ അടങ്ങിയ ഫോട്ടോകൾ സമർപ്പിക്കാം. ഫോട്ടോകളുടെ ഗുണനിലവാരവും മൂല്യനിർണയത്തിൽ പ്രധാനമാണ്. മോഷൻ ഗ്രാഫിക്സ് വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് രണ്ടു മിനിറ്റിൽ കൂടാത്ത ഹ്രസ്വ അനിമേഷൻ ചിത്രങ്ങൾ സമർപ്പിക്കാം.
സമർപ്പിക്കപ്പെട്ട കൃതികൾ ഒന്നുകിൽ രോഗങ്ങൾക്കെതിരായ മുന്നറിയിപ്പുകളോ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതോ ആകാം. ഇൻഫോഗ്രാഫിക്സ് വിഭാഗത്തിൽ, സമൂഹത്തിന് ഒരു ബോധവത്കരണ ആരോഗ്യ സന്ദേശം നൽകുമെന്ന് അവർ കരുതുന്ന ഏത് ആരോഗ്യ പ്രശ്നങ്ങളിലും ക്രിയേറ്റിവ് ഇൻഫോഗ്രാഫിക്സ് രൂപകൽപന ചെയ്യാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.