റിയാദ്: ഗസ്സ മുനമ്പിലെ ഇസ്രായേലി ആക്രമണവും ഫലസ്തീൻ ജനങ്ങളുടെ ദുരിതവും അവസാനിപ്പിക്കണമെന്ന് ചൊവ്വാഴ്ച രാത്രിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന പ്രതിവാര മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. വിശ്വസനീയവും ഗതിമാറ്റാനാവാത്തതുമായ രീതിയിൽ 1967ലെ അതിർത്തികൾക്കുള്ളിൽ കിഴക്കൻ ജറുസലേം തസ്ഥാനമാക്കി സ്ഥാപിതമാകുന്ന രാജ്യത്ത് സുരക്ഷിതത്വത്തോടെയും സ്വയം നിർണയാധികാരത്തോടെയും ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളിൽ ഊന്നി മന്ത്രിമാർ സൗദി നിലപാടിൽ ഉറച്ചുനിന്ന് സംസാരിച്ചു. ഇസ്രായേൽ അക്രമം അവസാനിപ്പിക്കുകയും ജനങ്ങളുടെ ദുരിതമകറ്റാൻ സുരക്ഷിതമായ മാനുഷിക ഇടനാഴി തുറക്കുകയും വേണമെന്ന രാഷ്ട്രത്തിന്റെ നിലപാട് ആവർത്തിച്ച് യോഗം ഈ വിഷയത്തിന്മേൽ വിശദമായ ചർച്ച നടത്തി.
ആഭ്യന്തര സംഘർഷം ഇല്ലാതാക്കാനും രാഷ്ട്രീയ സംവാദങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ട ജിദ്ദ ചർച്ചകളുടെ ഫലങ്ങൾ പാലിക്കാൻ സുഡാനിലെ എല്ലാ കക്ഷികളെയും മന്ത്രിസഭായോഗം ഓർമപ്പെടുത്തി. ആഫ്രിക്കൻ രാജ്യത്ത് സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയുമുണ്ടാകാൻ അതല്ലാതെ വഴിയില്ല.
റിയാദിൽ നടന്ന മണൽ, പൊടിക്കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആദ്യ അന്താരാഷ്ട്ര സമ്മേളനത്തിെൻറ അനന്തരഫലങ്ങൾ ആഗോളതലത്തിൽ ഈ രംഗത്തെ അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് സംഭാവന നൽകുമെന്ന് മന്ത്രിസഭായോഗം അഭിലാഷം പ്രകടിപ്പിച്ചു. സൗദി, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവുകൾ ഉൾപ്പെടെയുള്ള പ്രാദേശികവും മേഖലാതലത്തിലുമുള്ള സംരംഭങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിെൻറ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും രാജ്യത്തിെൻറ മുൻനിര പങ്ക് ഉയർത്തിക്കാട്ടുന്നതാണ് ആദ്യ അന്താരാഷ്ട്ര സമ്മേളനമെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത സാങ്കേതിക വിദ്യാമേളയായ ലിപ് 2024ൽ ഒപ്പുവച്ച 13.4 ശതകോടി ഡോളറിെൻറ നിക്ഷേപങ്ങളും കരാറുകളും ഈ സുപ്രധാന മേഖലക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ ഈ മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിനുള്ള സർക്കാർ പിന്തുണയുടെ വെളിച്ചത്തിൽ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയുടെ തുടർച്ചയായ വളർച്ചയെയും സന്നദ്ധപ്രവർത്തകരുടെ എണ്ണത്തെയും യോഗം അഭിനന്ദിച്ചു.
തിങ്കളാഴ്ച ആരംഭിച്ച വിശുദ്ധ റമദാൻ മാസത്തിെൻറ ആരംഭദിനത്തിൽ സൗദി അറേബ്യയിലെ പൊതുജനങ്ങളോടും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോടും സൽമാൻ രാജാവ് നടത്തിയ പ്രസംഗത്തെ യോഗം പ്രശംസിച്ചു. രണ്ട് വിശുദ്ധ മസ്ജിദുകൾക്കും അവിടെയെത്തുന്ന വിശ്വസികൾക്കും സേവനം ചെയ്യാനുള്ള ബഹുമതി നൽകിയ ദൈവത്തോട് കിരീടാവകാശി നന്ദി പറഞ്ഞു. ഇസ്ലാമിക രാഷ്ട്രത്തിനും ലോകത്തിനും സുരക്ഷിതത്വവും സ്ഥിരതയും നൽകണമെന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.