റിയാദ്: ആരോഗ്യ രംഗത്ത് സൗദി, മൊറോക്കൻ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. മൊറോക്കോയിലെ സൗദി അംബാസഡർ ഡോ. സാമി ബിൻ അബ്ദുല്ല അൽ സ്വാലിഹും മന്ത്രാലയത്തിന്റെഔദ്യോഗിക പ്രതിനിധി സംഘവും പങ്കെടുത്ത യോഗത്തിൽ സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിലും മൊറോക്കൻ ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രി ഡോ. ഖാലിദ് ഐത് ത്വാലിബുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വിഷൻ 2030 ന്റെ ഭാഗമായ ആരോഗ്യ പരിവർത്തനത്തിന്റെ ലക്ഷ്യങ്ങൾക്കുള്ളിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും രോഗങ്ങൾക്കെതിരെ പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണിത്. യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ആരോഗ്യ സഹകരണത്തിന്റെ വശങ്ങൾ ചർച്ച ചെയ്തു.
ഇരുരാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ധാരണപത്രം സംയുക്ത അറബ് പ്രവർത്തനത്തിനനുസൃതമായി ഉഭയകക്ഷി ഏകോപനത്തിന്റെ നിലവാരം ഉയർത്തുകയും ആഗോള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകീകരിക്കുകയും ചെയ്യും.
രണ്ട് രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ അഭിലാഷങ്ങൾക്ക് അനുസൃതമായി ആരോഗ്യ സേവനങ്ങളെ പിന്തുണക്കുകയും വികസിപ്പിക്കുകയും അനുഭവങ്ങൾ കൈമാറുകയും ചെയ്യുക, രോഗശാന്തി, പ്രതിരോധ മരുന്ന്, ഡിജിറ്റൽ ആരോഗ്യം, പാൻഡെമിക് നിയന്ത്രണം എന്നീ മേഖലകളിലെ ധാരണയും ധാരണപത്രം ലക്ഷ്യമിടുന്നു.
സംയുക്ത അറബ് പ്രവർത്തനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ചരിത്രപരമായ ബന്ധങ്ങളുടെ ചട്ടക്കൂടിലാണ് സന്ദർശനമെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. ഇരു രാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങളുടെ ആരോഗ്യ സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ധാരണപത്രം ഒപ്പുവെച്ചതും അനുഭവങ്ങളും ശാസ്ത്ര ഗവേഷണങ്ങളും കൈമാറ്റം ചെയ്യുന്നതുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.