റിയാദ്: കൊലക്കേസ് പ്രതിയെ കൊണ്ടുപോകാനെത്തിയ തങ്ങൾക്ക് സൗദി അധികൃതരിൽനിന്നുണ്ടായത് നല്ല സഹകരണമാണെന്ന് കേരള ക്രൈംബാഞ്ച് സംഘ തലവൻ എസ്.പി കെ.കെ. മൊയ്തീൻകുട്ടി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇൻറർപോൾ നിർദേശാനുസരണം ജാഗ്രത പാലിച്ച് പ്രതിയെ കൃത്യമായി പിടികൂടിയും അതീവ സുരക്ഷയോടെ ജയിലിൽ പാർപ്പിക്കുകയും തങ്ങൾക്ക് കൈമാറ്റം ചെയ്യാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത് വലിയ സഹകരണമാണ് സൗദി പൊലീസിൽനിന്നുണ്ടായത്.
റിയാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ തങ്ങളെ സ്വീകരിക്കാൻ എത്തിയത് നാഷനൽ സെൻട്രൽ ബ്യൂറോ (എൻ.സി.ബി) ഉന്നതോദ്യോഗസ്ഥൻ റാമി സഈദ് അൽ സഹ്റാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഒടുവിൽ പ്രതിയെ കൈമാറുന്നതുവരെയുള്ള മുഴുവൻ നിയമനടപടികളും അവർ തന്നെ പൂർത്തിയാക്കി. റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളെ നന്നായി സഹായിച്ചു. അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനെ എംബസിയിലെത്തി കാണുകയും അദ്ദേഹം തങ്ങളെ സഹായിക്കാൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാളിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കുറ്റവാളികളെ കൈമാറുന്ന കരാർ ഇരുരാജ്യങ്ങൾക്കുമിടയിൽ 2010-ൽ നിലവിലായ ശേഷം നാട്ടിൽ കുറ്റകൃത്യങ്ങൾ നടത്തി ഗൾഫിലേക്ക് മുങ്ങുന്ന പല കുറ്റവാളികളെയും പിടികൂടി നാട്ടിലെത്തിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ കുറ്റകൃത്യങ്ങൾ നടത്തി ഗൾഫിലേക്ക് കടന്ന് രക്ഷപ്പെടാം എന്ന് കരുതുന്നവർക്കെല്ലാമുള്ള മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.