കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് കനത്ത ശിക്ഷ - സൗദി പബ്ലിക് പ്രോസിക്യൂഷൻ

ജുബൈൽ: ക്രമസമാധാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് കിംവദന്തികളും നുണകളും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും അങ്ങനെ ചെയ്യുന്നവർ കഠിനമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റകൃത്യങ്ങളെ ചെറുക്കുന്ന നിയമപ്രകാവും ക്രിമിനൽ ചട്ടപ്രകാരവും സോഷ്യൽ മീഡിയയിൽ ഏതെങ്കിലും രൂപത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുന്ന വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളിലെ ശത്രുതാപരമായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർ.

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നതിനിടെ റിയാദ് സീസൺ സംഗീത പരിപാടിയെക്കുറിച്ച് അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മിക്ക പോസ്റ്റുകൾക്കും ഉത്തരവാദികളായവർ തെറ്റായ വിവരങ്ങൾ ഏകോപിപ്പിക്കുകയും പിന്തുണയ്ക്കുകയും വിതരണം നടത്തുകയും ചെയ്തു. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ പങ്കെടുത്ത വ്യക്തികൾക്ക് ഇതിനകം സമൻസ് അയച്ചിട്ടുണ്ട്. കുറ്റം തെളിയുന്ന പക്ഷം അവർക്കെതിരെ ക്രിമിനൽ ശിക്ഷാ നടപടികൾ ചുമത്തപ്പെടും. ഇത്തരം നടപടികൾക്ക് അഞ്ച് വർഷം വരെ തടവും മുപ്പത് ലക്ഷം റിയാൽ (എട്ട് ലക്ഷം ഡോളർ) പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടുകെട്ടുകയും അന്തിമ വിധി പരസ്യമാക്കുകയും ചെയ്യും. കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. എല്ലാ പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാൻ അതോറിറ്റി അഭ്യർഥിച്ചു. സോഷ്യൽ മീഡിയവഴി ഒരുവിധ കിംവദന്തികളും പ്രചരിപ്പിക്കരുത്. മുന്നറിയിപ്പ് അവഗണിക്കുന്നവർ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നേരിടേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Saudi Public Prosecution warns of harsh penalties for spreading rumors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.