റിയാദ്: സൗദി റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ‘സൗദി റേഡിയോ പ്ലസ്’ ആപ്ലിക്കേഷൻ ഞായറാഴ്ച പുറത്തിറക്കും. സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് നൂതന ശ്രവണാനുഭവം പകരുകയാണ് ലക്ഷ്യം. സൗദിയിലെ വിവിധ റേഡിയോ സ്റ്റേഷനുകളും പോഡ്കാസ്റ്റുകളുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു.
റിയാദ് റേഡിയോ, ജിദ്ദ റേഡിയോ, ഹോളി ഖുർആൻ റേഡിയോ, കാൾ ഓഫ് ഇസ്ലാം റേഡിയോ, സൗദി റേഡിയോ, ഖുസാമ റേഡിയോ, അൽ അഖ്ബാരിയ റേഡിയോ എന്നിവയുൾപ്പെടെ നിരവധി സൗദി റേഡിയോ സ്റ്റേഷനുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ഇത് തത്സമയ ഓഡിയോ, വിഡിയോ സ്ട്രീമിങ് സേവനവും ഉയർന്ന നിലവാരമുള്ള ശ്രവണാനുഭവം നൽകും. ‘സൗദി റേഡിയോ പ്ലസ്’ പ്രോഗ്രാമുകളുടെ മുൻ എപ്പിസോഡുകൾ ആപ്പിൽ ലഭ്യമാകും. ഇതിലൂടെ ശ്രോതാക്കൾക്ക് പഴയ ഉള്ളടക്കങ്ങൾ ആസ്വദിക്കാനുള്ള അവസരം ആപ്ലിക്കേഷൻ നൽകുന്നു. സ്റ്റുഡിയോയുമായി നേരിട്ട് ആശയവിനിമയത്തിനുള്ള അവസരവും ലഭിക്കുന്നു. ശ്രോതാക്കൾക്ക് കൂടുതലായി ഇടപെടാനും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഇതിലൂടെ കഴിയുന്നു.
ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഉള്ളടക്കം തിരയാൻ സഹായിക്കുന്ന വിശദമായ നിരവധി പോഡ്കാസ്റ്റ് പ്രോഗ്രാമുകളും റേഡിയോ പ്ലസ് ആപ്പിലുണ്ടാവും. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ യുഗത്തിൽ ശ്രോതാക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വൈവിധ്യമാർന്ന മീഡിയ ഉള്ളടക്കം നൽകുന്നതിനുമുള്ള ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ നിലവിലുള്ള പദ്ധതിയുടെ ഭാഗമാണ് ‘സൗദി റേഡിയോ പ്ലസി’ന്റെ ലോഞ്ച്. മീഡിയ സേവനങ്ങൾ നൽകുന്നതിൽ നൂതനത്വം സ്വീകരിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത ആപ്ലിക്കേഷൻ പ്രതിഫലിപ്പിക്കുന്നു. ഇത് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വിവരങ്ങളിലേക്കും വിനോദങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതിനും സഹായിക്കുന്നു. ആപ് ഉടൻ മൊബൈൽ ആപ് സ്റ്റോറുകളിൽ ലഭ്യമാകും. സൗദി പ്രേക്ഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു അദ്വിതീയ ശ്രവണാനുഭവം നൽകുക കൂടിയാണ് ഇതിലൂടെ സൗദി റേഡിയോ ആൻഡ് ടെലിവിഷൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.