റിയാദ്: തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായി ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യൻ തടവുകാരിൽ 285 പേരെ തിങ്കളാഴ്ച നാട്ടിലേക്ക് അയച്ചു. ദമ്മാം വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് ഇവർ മടങ്ങിയത്. ഇതിൽ എട്ട് മലയാളികൾ, 20 തെലങ്കാന ആന്ധ്ര സ്വദേശികൾ, 18 ബിഹാറികൾ, 13 ജമ്മുകാശ്മീർ സ്വദേശികൾ, 12 രാജസ്ഥാനികൾ, 36 തമിഴ്നാട്ടുകാർ, 88 ഉത്തർപ്രദേശുകർ, 60 പശ്ചിമബംഗാൾ സ്വദേശികൾ എന്നിവർ ഉൾപ്പെടുന്നു.
ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ബുധൻ, വെള്ളി ദിവസങ്ങളിലായി റിയാദിൽ നിന്ന് 580 ഇന്ത്യൻ തടവുകാർ നാട്ടിലെത്തിയിരുന്നു. ഇതിലും ദമ്മാമിൽ പിടിയിലായവർ ഉണ്ടായിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.
കോവിഡ് തുടങ്ങിയ ശേഷം എട്ട് മാസത്തിനിടെ സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 4608 ആയി. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്.
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ നേരത്തെ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിച്ചിരുന്നത്. എന്നാലിപ്പോൾ ദമ്മാമിൽ നിന്ന് നേരിട്ട് അയക്കാനും ആരംഭിച്ചിരിക്കുന്നു. ദമ്മാമിൽ നിന്നുള്ള തടവുകാരുമായി ഡൽഹിയിലേക്ക് പോയത് ഇൗ വിഷയത്തിൽ സൗദി ഗവൺമെൻറ് ഇന്ത്യയിലേക്ക് അയക്കുന്ന 16ാമെത്ത സൗദി എയർലൈൻസ് വിമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.