റിയാദ്: 2024ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടി സൗദി ഷോ ജംപിങ് ടീം. തിങ്കളാഴ്ച ദോഹയിൽ ആരംഭിച്ച ദോഹ ഇൻറർനാഷനൽ ഷോ ജംപിങ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ് ജി യോഗ്യത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സൗദി ഷോ ജംപിങ് ടീം 2024ലെ പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. മുൻ ഒളിമ്പിക് താരങ്ങളായ റംസി അൽ ദഹാമി, അബ്ദുല്ല അൽ ഷർബത്ലി, റൈഡർമാരായ അബ്ദുറഹ്മാൻ അൽ റാജ്ഹി, ഖാലിദ് അൽ മബ്തി എന്നിവർ മത്സരത്തിൽ പങ്കെടുത്തു. ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷനും മോഡേൺ പെന്റാത്തലനും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ചാമ്പ്യൻഷിപ് അൽ ഷഖാബിലെ ലോംഗൈൻസ് ഔട്ട്ഡോർ അറീനയിലാണ് നടക്കുന്നത്. സൗദി അറേബ്യ, ഖത്തർ, മൊറോക്കോ, ജോർഡൻ, യു.എ.ഇ, ഈജിപ്ത്, സിറിയ എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ.
ഒന്നാമതായി ദൈവത്തിനും രാജ്യത്തിന്റെ കായിക നേട്ടങ്ങളിലേക്ക് നയിക്കുന്ന പിന്തുണക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദി പറയുന്നതായി സൗദി അറേബ്യൻ ഇക്വസ്ട്രിയൻ ഫെഡറേഷൻ പ്രസിഡൻറ് അമീർ അബ്ദുല്ല ബിൻ ഫഹദ് പറഞ്ഞു.
ഷോ ജംപിങ്, കുതിര സവാരി എന്നിവയടക്കമുള്ള മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാനാണ് ഫെഡറേഷൻ ശ്രമിക്കുന്നത്. സൗദി അറേബ്യയുടെ പേരിന് യോഗ്യമായ ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കാനാണ് ഫെഡറേഷൻ ശ്രമിക്കുന്നതെന്നും ദൈവം ഇച്ഛിച്ചാൽ 2024ലെ പാരിസ് ഒളിമ്പിക് ഗെയിംസിൽ ഞങ്ങൾ വിജയങ്ങൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ സൗദി ഷോ ജംപിങ് ടീം വെങ്കല മെഡൽ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.