ജിദ്ദ: സൗദിയിൽ വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള തൊഴിൽ വൈദഗ്ധ്യ പരീക്ഷ ബംഗ്ലാദേശിലും ആരംഭിച്ചു. ഫെബ്രുവരി എട്ടുമുതലാണ് ബംഗ്ലാദേശിൽ പരീക്ഷ ആരംഭിച്ചതെന്ന് സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു. പ്രഫഷനൽ തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്ന പരീക്ഷ പദ്ധതി ജനുവരിയിൽ ഇന്ത്യയിലും പാകിസ്താനിലും ആരംഭിച്ചിരുന്നു. അതത് രാജ്യങ്ങളിലെ സൗദി എംബസിയുടെ സഹകരണത്തോടെയാണ് നടത്തിപ്പ്.
സൗദിയിലേക്ക് വരുന്ന പ്രഫഷനൽ ജോലിക്കാരുടെ കഴിവുകൾ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിദഗ്ധ തൊഴിൽ പരീക്ഷ പദ്ധതി വരുംമാസങ്ങളിൽ മറ്റ് രാജ്യങ്ങളിലും നടപ്പാക്കാനുള്ള നടപടികൾ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ തുടക്കത്തിൽ പ്ലംബിങ്, വൈദ്യുതി, ഓട്ടോ ഇലക്ട്രിക്, വെൽഡിങ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് എന്നിങ്ങനെ അഞ്ച് സ്പെഷലൈസേഷനുകളിലെ തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്ക് കീഴിൽ മൊത്തം 23 പ്രധാന തൊഴിലുകൾ ഉൾപ്പെടും. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ് വിദഗ്ധ തൊഴിൽ പരീക്ഷ പദ്ധതി. സൗദി തൊഴിൽ വിപണിയിലെ പ്രഫഷനൽ തൊഴിലാളികളുടെ ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നൽകുന്ന പ്രഫഷനൽ സേവനങ്ങളുടെ നിലവാരം ഉയർത്തുക, ഉൽപാദനക്ഷമത വർധിപ്പിക്കുക, രാജ്യത്തെ തൊഴിൽ വിപണിയിലേക്ക് യോഗ്യതയില്ലാത്ത പ്രഫഷനൽ തൊഴിലാളികളുടെ കടന്നുകയറ്റം തടയുക തുടങ്ങിയവയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പരീക്ഷക്കുവേണ്ടി ആദ്യം പ്രഫഷനൽ പരീക്ഷ പോർട്ടലിൽ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കണം. തുടർന്ന് തിയറി, പ്രാക്ടിൽ പരീക്ഷക്ക് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണം. ശേഷം അതത് പരീക്ഷ കേന്ദ്രത്തിലുള്ളവർ അപേക്ഷകൾ പരിശോധിച്ച് അക്കാദമിക് യോഗ്യതകൾ ഉറപ്പുവരുത്തിയശേഷം പരീക്ഷക്ക് ക്ഷണിക്കും. മൂല്യനിർണയത്തിനുശേഷം വിജയിക്കുന്നവർക്ക് പ്രഫഷനൽ സർട്ടിഫിക്കറ്റ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.