റിയാദ്: സൗദി വിഷൻ 2030 സംരംഭങ്ങളുടെ വ്യോമയാന രംഗത്തെ ലക്ഷ്യങ്ങളിൽ 87 ശതമാനം കൈവരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലെ എയർ ട്രാൻസ്പോർട്ട് ആൻഡ് ഇന്റർനാഷനൽ കോപ്പറേഷന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അലി ബിൻ മുഹമ്മദ് റജബ് പറഞ്ഞു.
10,000 കോടി ഡോളറിന്റെ നിക്ഷേപമുള്ള രാജ്യാന്തര വിമാനങ്ങളുടെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ‘വിഷൻ’ ലക്ഷ്യമിടുന്നത്. വിഷന്റെ 87 ശതമാനം സംരംഭങ്ങളും നേടിയതിലൂടെ രാജ്യം അഭൂതപൂർവമായ നേട്ടങ്ങൾക്കും സമൂലമായ മാറ്റത്തിനും സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 21 മുതൽ 25 വരെ മലേഷ്യയിൽ നടന്ന എയർ ട്രാൻസ്പോർട്ട് സേവന ഇന്റർനാഷനൽ സമ്മേളനത്തോട് അനുബന്ധിച്ച് ‘അന്താരാഷ്ട്ര വ്യോമഗതാഗതം ഉദാരമാക്കുന്നതിന്റെ പ്രയോജനങ്ങളും തടസ്സങ്ങളും’ എന്ന തലക്കെട്ടിൽ നടന്ന ഡയലോഗ് സെഷനിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേശീയ വ്യോമയാന പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യോമയാന മേഖലയിൽ 10,000 കോടി ഡോളർ വരെ നിക്ഷേപ സാധ്യതയുള്ളതും സ്വകാര്യ മേഖലയുടെ വിഭവങ്ങളിലും വൈദഗ്ധ്യത്തിലുംനിന്ന് പ്രയോജനം ലഭിക്കുന്നതുമായ അന്താരാഷ്ട്ര വിമാനങ്ങളുടെ ഒരു പ്രധാന കേന്ദ്രമാക്കി സൗദിയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ അഭൂതപൂർവമായ 26 ശതമാനം വർധനയാണ് വ്യോമയാന മേഖലയിൽ ഉണ്ടായതെന്നും ഈ വർഷം 12.2 കോടിയിലെത്തിയെന്നും റജബ് വിശദീകരിച്ചു. ദേശീയ വ്യോമയാന പദ്ധതി വിമാന ചരക്ക് ശേഷി വർധിപ്പിക്കാനും നിലവിലെ 0.8 ദശലക്ഷം ടണ്ണിൽനിന്ന് 2030-ഓടെ 45 ലക്ഷം ടണ്ണായി ഉയർത്താനും ലക്ഷ്യമിടുന്നുവെന്നും റജബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.