ജിദ്ദ: റഫ നഗരം ലക്ഷ്യമാക്കി ഇസ്രായേൽ സേന നടത്താൻ ഉദ്ദേശിക്കുന്ന ആക്രമണങ്ങളിലെ അപകടങ്ങളെക്കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ എല്ലാ മേഖലകളിലും ആക്രമണം നടത്താനും അതിലെ നിവാസികളെ അജ്ഞാതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാനുമുള്ള ആസൂത്രിതമായ കാമ്പയിനിന്റെ ഭാഗമായി ഇസ്രായേൽ സേന റഫ നഗരത്തെ ലക്ഷ്യം വെക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.
ഇസ്രായേൽ യുദ്ധ യന്ത്രം സൃഷ്ടിച്ച വൻ നാശത്തിന് ശേഷം സുരക്ഷിത താവളങ്ങൾ ഇല്ലാത്തതിന്റെ വെളിച്ചത്തിലാണിത്. കൂട്ടക്കൊലകൾ തടയാൻ ആവശ്യപ്പെടുന്ന എല്ലാ അന്താരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്നമായ ലംഘനങ്ങൾ നടത്തുന്ന ഇസ്രായേൽ സേനയുടെ തുടർ നടപടികളെ സൗദി നിരസിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും ഇസ്രായേൽ നിർബാധം ലംഘിക്കുന്നു. ഇത് മാനുഷിക പ്രതിസന്ധി വർധിപ്പിക്കുകയും അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരെ ഇസ്രായേൽ സൈന്യം നടത്തുന്ന വംശഹത്യ നടപടികൾ അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം ആവർത്തിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.