ജിദ്ദ: രാജ്യത്ത് കാലാവസ്ഥ മാറിത്തുടങ്ങി. തണുപ്പുകാലത്തിന് മുന്നോടിയായി പല ഭാഗങ്ങളിലും മഴ ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ മക്കയിലും ജിദ്ദയിലും മഴ പെയ്തു. മക്കയുടെ വിവിധ ഭാഗങ്ങളിലും ജിദ്ദയിലും ശക്തമായ മഴയാണുണ്ടായത്. മേഖലയിൽ മഴയുണ്ടാകുമെന്ന് സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ശക്തമായ കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയാണ് മക്കയിൽ മഴ ചെയ്തത്. മസ്ജിദുൽ ഹറാം, ഹറം പരിസരം, മിന, അറഫ, മുസ്ദലിഫ പുണ്യസ്ഥലങ്ങൾ, കൂടാതെ മറ്റ് ഡിസ്ട്രിക്റ്റുകളിലും മർകസുകളിലും സാമാന്യം ശക്തമായ മഴ പെയ്തു. തെരുവുകളിൽ പ്രത്യേകിച്ച് അസീസിയ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഇത് വാഹന ഗതാഗതത്തെ തടസ്സപ്പെടുത്തി. ചെറിയ ചില വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. മഴ മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ മക്കയിലുടനീളം അടിയന്തര പ്രവർത്തനങ്ങൾക്കായി നിലയുറപ്പിച്ചിരുന്നു.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും സാമാന്യം നല്ല മഴയാണ് ഉണ്ടായത്. താഴ്ന്ന സ്ഥലങ്ങളിലെല്ലാം നേരിയ വെള്ളക്കെട്ടുകളുണ്ടായി. മുൻകരുതലെന്നോണം ജിദ്ദ ഗവർണറേറ്റിലെ 72 സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് തങ്ങളുടെ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച വരെ ജിദ്ദയിൽ മഴക്കുള്ള സാധ്യത തുടരുമെന്ന് കാലാവസ്ഥ വിഭാഗം ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു.
ജിദ്ദ, മക്ക, ഖുൻഫുദ മേഖലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി
ജിദ്ദ: മഴക്കും കാറ്റിനും സാധ്യത ഉള്ളതിനാൽ ഇന്ന് (ഞായർ) ജിദ്ദ, മക്ക, ഖുൻഫുദ, ഖുലൈസ്, റാബഖ് മേഖലകളിൽ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സൗദി വിദ്യാർഥികൾക്ക് 'മദ്റസത്തീ (മൈ സ്കൂൾ)' ഓൺലൈൻ പ്ലാറ്റ്ഫോം വഴി ക്ലസുകൾ നടക്കും.ശനിയാഴ്ച ജിദ്ദ, മക്ക മേഖലകളിൽ ശക്തമായ മഴയും ഇടിയും ഉണ്ടായിരുന്നു. മഴ തുടരുമെന്നും കൂടെ ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവയും ഉയർന്ന വേഗമുള്ള കാറ്റും ഉണ്ടാവുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.